കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികളും ജില്ല ആശുപത്രികളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളും നിറഞ്ഞു. ഇതോടെ കിട്ടാവുന്ന കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും താല്‍കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍.

കൊവിഡ് ചികിത്സക്കായി സര്‍ക്കാര്‍ മൂന്ന് പദ്ധതികളാണ് തയാറാക്കിയത്. ഇതില്‍ പ്ലാന്‍ എ അനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളും ജില്ലാ ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 29 കൊവിഡ് ആശുപത്രികൾ ആദ്യഘട്ടത്തിൽ ഒരുക്കിയത്. രോഗികളുടെ എണ്ണം കൂടിയതോടെ 29 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളും തയാറാക്കി. എന്നാൽ രോഗികളുടെ എണ്ണം കണക്കുകൂട്ടലുകൾക്കപ്പുറം പോയതോടെ നിലവിലുള്ള കിടക്കകള്‍ നിറഞ്ഞു. പുതിയതായി എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ പുതിയ കേന്ദ്രങ്ങള്‍ തുറക്കേണ്ട അവസ്ഥ. 

രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരത്താണ് സ്ഥിതി ഏറ്റവും ദുഷ്കരം. പഞ്ചായത്ത് തലത്തിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും കിട്ടാവുന്ന കെട്ടിടങ്ങളെല്ലാം കൊവിഡ് ചികിത്സ കേന്ദ്രങ്ങളാക്കുകയാണ്. ആന്‍റിജൻ പരിശോധന നടത്തുന്ന ഇടങ്ങളിലെല്ലാം കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്നതിനാല്‍ ഇനി സ്വകാര്യ മേഖലയുടെ കൂടി സഹകരണമാണ് സര്‍ക്കാര്‍ തേടുന്നത്

അതേസമയം, ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും ഇപ്പോൾ ആവശ്യത്തിനുണ്ട്. പ്ലാന്‍ എയില്‍ 3180 കിടക്കകളാണ് ആശുപത്രികളില്‍ ഒരുക്കിയത്. പ്ലാന്‍ ബിയിലും സി യിലും സ്വകാര്യ മേഖലയിലെ പരമാവധി കിടക്കകളും ഏറ്റെടുക്കും. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊവിഡ് ഇതര ചികിത്സകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്