കോഴിക്കോട്: ലോക്ക്ഡൗണ്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനം വീട്ടിലിരിപ്പായതോടെ മിക്ക ആശുപത്രികളും കാലിയായി. അടുത്തമാസം ജീവനക്കാര്‍ക്ക് മൂന്നിലൊന്ന് ശമ്പളം മാത്രമേ  നല്‍കാന്‍ കഴിയുകയുള്ളുവെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റില്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ലോക്ക്ഡൗണ്‍വന്നതോടെ മലയാളിയുടെ അസുഖമെല്ലാം മാറിയോ? സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ നിലവിലെ അവസ്ഥ കണ്ടാല്‍ ഇതാണ് തോന്നുക. രോഗികള്‍ തിക്കിത്തിരക്കിയിരുന്ന ഓപികള്‍ ഏതാണ്ട് കാലിയായി. അടിയന്തര ശസ്ത്രിക്രിയ  ചെയ്തില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും എന്ന മുന്നറിയിപ്പുകള്‍ അപൂര്‍വ്വമായി. 

ഐസിയുകള്‍ അടഞ്ഞ് കിടക്കുന്നു. ആശുപത്രികളുടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞുവെന്ന് സ്വകാര്യ ആശുപത്രികളുടെ സംഘടനയയാ കെപിഎച്ച്എ വ്യക്തമാക്കി. ജീവനക്കാരെ 10 ദീവസം വിതമുള്ള ഷിഫ്റ്റുകളായി തിരിച്ചു അടുത്ത മാസം മൂന്നിലൊന്ന് ശമ്പളം നല്‍കും. ജീവനക്കാരെ സാഹചര്യം ബോധ്യപ്പെടുത്താന്‍ അതത് മാനേജ്മെന്‍റുകളെ തന്നെ സംഘടന ചുമതലപ്പെടുത്തിയിരിക്കുകയാണ്. 

സംസ്ഥാനത്ത് കിടത്തി ചികിത്സയുള്ള 1100 ആശുപത്രികളാണ് കേരള പ്രവൈറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനില്‍ അംഗങ്ങളായുള്ളത്. പുറത്തിറങ്ങുന്നതിന് വിലക്കുള്ളതിനാല്‍ പ്രമേഹം, ഹൃദ്രോ​ഗം, ആസ്തമ തുടങ്ങി വിവിധതരം  രോഗികള്‍ നിലവിലുള്ള മരുന്ന് കഴിച്ച് തുടരുകയാണെന്നാണ് വിലയിരുത്തല്‍.  ലോക്ക്ഡൗണിന് ശേഷം സ്ഥിതി  മാറുമെന്നാണ് ആശുപത്രികളുടെ വിലയിരുത്തല്‍. സാഹചര്യം വിലിയിരുത്തി ഭാവി നടപടികള്‍ തീരുമാനിക്കാനാണ് സ്വകാര്യ ആശുപത്രി അസോസിയേഷന്‍റെ തീരുമാനം.