കോഴിക്കോട്: പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികൾ സജീവമായി റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രി വീട്ടിലും ഹോട്ടലിലും ആശുപത്രിയിലുമായി ഇതിനകം നൂറ്റിയന്പത് കിടക്കകള്‍ തയ്യാറാക്കിക്കഴിഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്കും റിവേഴ്സ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഇതാദ്യമായി റിവേഴ്സ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ മൂന്ന് ഹോട്ടലുകളിലും ആശുപത്രിയിലുമാണ് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുക. വിവിധ ക്ലസ്റ്ററുകളില്‍ നിന്നുള്ള മറ്റ് രോഗങ്ങളുള്ള പ്രായമായവരെ ഈ കേന്ദ്രത്തിലെത്തിക്കും. വീട്ടില്‍ തുടരാന്‍ സൗകര്യമുള്ളവര്‍ക്ക് വീട്ടിലേക്ക് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെത്തും. വീട്ടില്‍ ആണെങ്കില്‍ ഒരാഴ്ച രണ്ടായിരം രൂപയും ഹോട്ടലിലാണെങ്കില്‍ ഒരു ദിവസം രണ്ടായിരം രൂപമുതല്‍ ആറായിരം രൂപവരെയും ആശുപത്രിയില്‍ ആശുപത്രിയിലെ ചാര്‍ജ്ജുമാണ് ഈടാക്കുക. മക്കള്‍ നാട്ടിലില്ലാത്ത പ്രായമായവര്‍ക്ക് ഇത് വലിയ ആശ്വാസമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ജൂലൈ 13 ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഈ ഉത്തരവ് പ്രകാരം ജില്ലകളില്‍ പ്രത്യേക ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ 50000 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലെ ബെഡുകള്‍ക്കൊപ്പം റിവേഴ്സ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളും കണ്ടെത്തേണ്ടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ജില്ലകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെ‍ന്‍റ് സെന്‍ററിന്‍റെ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായെങ്കിലും റിവേഴ്സ് ക്വാറന്‍റൈനായി പ്രത്യേക കേന്ദ്രങ്ങളില്ലെന്നാണ് വിവിധ ജില്ലകളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലെ കെട്ടിടങ്ങളില്‍ റിവേഴ്സ് ക്വാറന്‍റീനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്നും ഇവര്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങാത്തത് കൊണ്ട് തന്നെ സ്വാകാര്യ ആശുപത്രികള്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സാധ്യത.