തിരുവനന്തപുരം: ഏപ്രില്‍ 20ന് ശേഷം സ്വകാര്യവാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങളെ ഒന്നിടവിട്ടായിരിക്കും അനുവദിക്കുക. സ്ത്രീകളുടെ വാഹനത്തിന് ഇളവുകളുണ്ടാവും. ഒറ്റ, ഇരട്ട അക്കം അനുസരിച്ചാവും ക്രമീകരണം. വാഹന വിപണിക്കാരുടെ പക്കല്‍ ധാരാളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നുണ്ട്. അവ കേടാകാതിരിക്കാന്‍ ഇടക്ക് സ്റ്റാര്‍ട്ട് ചെയ്യണം. ഉപയോഗിച്ച വാഹനങ്ങള്‍, നിര്‍ത്തിയിട്ട സ്വകാര്യ വാഹനങ്ങള്‍ ഇവയ്‌ക്കെല്ലാം സ്റ്റാര്‍ട്ട് ചെയ്യാന്‍ ആഴ്ചയില്‍ ഒരു ദിവസം ഉപയോഗിക്കാം. സ്വകാര്യ ബസുകാര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്കാണ് കൊവഡ്, കോഴിക്കോട് രണ്ട് , കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ ഭേദമായത്. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലം വന്നതുമാണ്. 

 ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88332 പേരും ആശുപത്രികളിൽ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതേസമയം രേഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.