Asianet News MalayalamAsianet News Malayalam

വധശ്രമക്കേസിൽ ആർഎസ്എസ് പ്രവർത്തകർക്ക് അനുകൂലമായി മൊഴി മാറ്റി, പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി

സിപിഎം പ്രവർത്തകനായ സുജിത്തിനെ ആർഎസ്എസ് പ്രവർത്തകർ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

pro rss statement in court cpim dismissed alappuzha local leader from party
Author
Kerala, First Published Sep 2, 2021, 6:06 PM IST

ആലപ്പുഴ: വധശ്രമക്കേസിൽ കോടതിയിൽ മൊഴി മാറ്റിയ പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി. ഡിവൈഎഫ്ഐ കറ്റാനം മേഖലാ സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എസ് സുജിത്തിനെതിരെയാണ് സിപിഎം നടപടിയെടുത്തത്. 

സിപിഎം പ്രവർത്തകനായ സുജിത്തിനെ ആർഎസ്എസ് പ്രവർത്തകർ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് അനുകൂലമായി സുജിത് തന്നെ കോടതിയിൽ മൊഴി മാറ്റി നൽകുകയായിരുന്നു. വിചാരണയ്ക്കിടെയാണ് പ്രതികൾക്ക് അനുകൂലമായി സുജിത് മൊഴി മാറ്റിയത്. കേസ് ഒത്തു തീർക്കുന്നതിൽ പാർട്ടിക്കുള്ളിലും പുറത്തും വിവാദം ശക്തമായതോടെയാണ് നടപടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കീഴ് ഘടകത്തിന്  ജില്ലാ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. 

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കറ്റാനം മേഖലാ സെക്രട്ടറിയുമായിരുന്ന എസ്. സുജിത്തിനെ 2013 ഏപ്രിലിലാണ് ആർഎസ്എസ് പ്രവർത്തകർ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. കേസിന്‍റെ വിചാരണ ആലപ്പുഴ ജില്ലാ  കോടതിയിൽ നടക്കുകയാണ്. 

15 ആർഎസ്എസ് പ്രവർത്തകർ കേസിൽ പ്രതികളാണ്. ഇതിൽ മരിച്ചു പോയ ഒന്നാം പ്രതിയും ഏഴാം പ്രതിയും മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നുമാണ് സുജിത്തിന്റെ മൊഴി. എന്നാൽ പണം വാങ്ങി കേസ് അട്ടിമറിക്കുന്നതിന്‍റെ തെളിവാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായതും സിപിഎം നടപടിയെടുത്തതും. വിചാരണക്കൊടുവിൽ യഥാർത്ഥ പ്രതികളെ കോടതി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സുജിത്തിന്‍റെ വിശദീകരണം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios