Asianet News MalayalamAsianet News Malayalam

പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും 'മാധ്യമം' പ്രസാധകരായ ഐഡിയല്‍ ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന്‍ (76) അന്തരിച്ചു.

Prof KA Sidhiq Hassan former amir Jama ate islami passes away
Author
kozhikode, First Published Apr 6, 2021, 2:40 PM IST

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും 'മാധ്യമം' പ്രസാധകരായ ഐഡിയല്‍ ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സന്‍ (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വൈകുന്നേരം നാല് മണിമുതല്‍ 10.30 വരെ വെള്ളിമാടുകുന്ന് പ്രബോധനത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്നു. അധ്യാപകന്‍, എഴുത്തുകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി. 

ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എയും (അറബിക്) നേടി. തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍കോട് ഗവണ്‍മെന്റ് കോളജുകള്‍ എന്നിവിടങ്ങളില്‍ അറബി അധ്യാപകനായിരുന്നു. പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദില്ലി കേന്ദ്രമായ ഹ്യൂമന്‍ ഡെവലപ്മെന്റ ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടറായിരുന്നു. 

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട് ജനിച്ചു. ഭാര്യ: വി.കെ. സുബൈദ. മക്കള്‍: ഫസലുര്‍റഹ്മാന്‍, സാബിറ, ശറഫുദ്ദീന്‍, അനീസുര്‍റഹ്മാന്‍.

Follow Us:
Download App:
  • android
  • ios