2017 ജൂൺ 17 ന് ആരംഭിച്ച കൊച്ചി മെട്രോ സർവീസ് എട്ടാം വർഷത്തിലേക്ക് കടക്കുന്നു. 

കൊച്ചി: മെട്രോ സര്‍വീസ് എട്ടാം വര്‍ഷത്തിലേക്ക്. 2017 ജൂണ്‍ 17 ന് ആരംഭിച്ച മെട്രോ സര്‍വ്വീസാണ് വിജയകരമായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടര്‍ മെട്രോയും സ്ഥാപിച്ച് ഇന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും കെഎംആര്‍എൽ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. 

വാട്ടര്‍ മെട്രോയുടെ കാര്യത്തിൽ രാജ്യത്തെ 21 കേന്ദ്രങ്ങളില്‍ വാട്ടര്‍മെട്രോ സേവനം ആരംഭിക്കാനുള്ള സാധ്യത പഠനം നടത്തുകയാണ്. കേരളത്തില്‍ആരംഭിച്ച സ്ഥാപനം ഇന്ന് സുസ്ഥിര, നഗര ഗതാഗത വികസന രംഗത്തെ ദേശീയ ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. ഫസ്റ്റ്‌ മൈല്‍ ലാസ്റ്റ്‌മൈല്‍ കണക്ടിവിറ്റിയുടെ കാര്യത്തിലും കൊച്ചി മെട്രോ ബഹുദൂരം മുന്നിലാണ്. സ്വന്തമായി വാങ്ങിയ 15 ബസുകളുമായി നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും മെട്രോ സേവനം വിപൂലീകരിച്ചു.

വൈറ്റിലയില്‍ നിന്നും തൃപ്പൂണിത്തുറ നിന്നും ഇ ഫീഡര്‍ ബസ് ഇന്‍ഫോപാര്‍ക്കിലേക്ക് ആരംഭിച്ചതോടെ മെട്രോ സര്‍ക്കുലര്‍ യാത്രയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്. സൈക്കിള്‍, ഓട്ടോറിക്ഷ നെറ്റ് വര്‍ക്കുകളിലൂടെയും നഗര പ്രാന്തപ്രദേശങ്ങളിലുള്ളവരെയും മെട്രോ ട്രെയിനുമായി ബന്ധിപ്പിക്കുന്നുണ്ട്. ഹൈക്കോര്‍ട്ട് നിന്ന് തേവരെ വരെയുള്ള റൂട്ടില്‍ എലിവേറ്റഡ് ട്രാം സര്‍വ്വീസിനുള്ള സാധ്യത പഠനത്തിനും കെ.എം.ആര്‍.എല്‍ ഒരുങ്ങുന്നു.

 രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പാലാരിവട്ടം-കാക്കനാട് ഇന്‍ഫോ പാര്‍ക്ക് റൂട്ടില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി ആലുവ-അങ്കമാലി റൂട്ടില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും കെഎംആര്‍എൽ വ്യക്തമാക്കുന്നു.

പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍

അവധി ദിവസങ്ങളിലൊഴികെ പ്രതിദിനം ഒരുലക്ഷത്തിലേറെപ്പേര്‍ ഇന്ന് പതിവായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടി ആയിരുന്നു. ഈ വര്‍ഷം 3.65 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. മെട്രോ സേവനം ആരംഭിച്ച 2017-18 കാലയളവില്‍ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 1,00,71,036 ആയിരുന്നു. 2022-23 കാലയളവില്‍ അത് 2,48,81,600 ആയി കുതിച്ചുയര്‍ന്നു.

പ്രവര്‍ത്തന ലാഭത്തില്‍ കുതിപ്പ്

ചുരുങ്ങിയ വര്‍ഷം കൊണ്ട് പ്രവര്‍ത്തന ലാഭം നേടി ഇന്ത്യന്‍ മെട്രോ കമ്പനികളിലും കൊച്ചി മെട്രോ മുന്‍നിര സ്ഥാനം നേടി. 2023-24 സാമ്പത്തിക വര്‍ഷം 22.5 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് നേടിയതെന്ന് കെഎംആര്‍എൽ പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം അതിനേക്കാള്‍ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന് ഇന്ധനമായി പെട്രോളും ഡീസലും ഇലക്ട്രിസിറ്റിയും നല്‍കുന്ന ഫ്യൂവല്‍ സ്റ്റേഷന്‍ ആരംഭിച്ചുകാണ്ട് ടിക്കറ്റിതര വരുമാനം നേടുന്ന മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്ത് പുതിയ മാതൃക സൃഷ്ടിക്കുകയാണ്.

കൊച്ചി മെട്രോയിലെ യാത്രക്കാരില്‍ യുവാക്കളാണ് കൂടുതല്‍. ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകള്‍, ശുചിത്വവും വൃത്തിയും നിറഞ്ഞ പരിസരം, ശീതീകരിച്ച ട്രയിന്‍, കൃത്യതയാര്‍ന്ന സേവനം, യുക്തിസഹമായ നിരക്ക് തുടങ്ങിയവ യൂവാക്കളെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നു. റണ്ട് റീല്‍ കണ്ടുതീരുന്ന ദൂരത്തിലോ രണ്ട് പാട്ട് കേട്ട് തീരുന്ന സമയത്തിലോ മെട്രോ അവരെ ഡെസ്റ്റിനേഷനില്‍ എത്തിക്കുന്നു. മെട്രോ പടവുകളിലും സ്റ്റേഷനിലെ ഇരിപ്പിടങ്ങളിലും സമയം ചിലഴിക്കുന്ന യുവതയും കൊച്ചിയിലെ മെട്രോ കാഴ്ചകളെ വേറിട്ടാതാക്കുന്നുവെന്നും വാര്‍ഷിക സന്തോഷം പങ്കുവച്ചുകൊണ്ട് കെഎംആര്‍എൽ വ്യക്തമാക്കുന്നു.