തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പുഴുവരിച്ച രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി. എന്നാൽ തലയോട് ചേർന്ന് ഉറച്ച് പോയ കൈകൾ പൂർവ്വസ്ഥിതിയിലായിട്ടില്ല. മെഡിക്കൽ കോളേജിൽ വെച്ച് കൈകൾ കെട്ടിവെച്ചതാണ് ഇതിനിടയാക്കിയതെന്ന് മകൾ ആരോപിച്ചു. പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായതായി പ്രാഥമിക റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. 

ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയ അനിൽകുമാറിനെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായത്. ചെറിയ തോതിൽ സംസാരിക്കാൻ തുടങ്ങി. എന്നാൽ, തലയോട് ചേർന്ന് ഉറച്ചുപോയ കൈകൾ പൂർവ്വസ്ഥിതിയിലായിട്ടില്ല. കൈകൾ കെട്ടിവെച്ചുവെന്നതടക്കം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ടാണ് സൂപ്രണ്ട് കൈമാറിയത്. ജീവനക്കാർക്ക്  വീഴ്ച്ചയുണ്ടായെന്ന്  റിപ്പോർട്ടിലുണ്ടെന്നാണ്  വിവരം. അതേസമയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് 22 ദിവസവും രോഗിയുടെ ഡയപ്പർ പോലും മാറ്റിയില്ലെന്ന ആരോപണം മെഡിക്കൽ കോളേജ് നിഷേധിച്ചു.  കൃത്യമായ ഇടവേളകളിൽ ഇത് ചെയ്തിരുന്നുവെന്നാണ് വിശദീകരണം. ആരോഗ്യമന്ത്രിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും ജീവനക്കാരുടെ മറുപടിയുടെയും അടിസ്ഥാനത്തിലാകും തുടർ നടപടികൾ.