ആലപ്പുഴ: എടത്വായിൽ ടാറിംങ് പൂർത്തിയായതിന്‍റെ തൊട്ടടുത്ത ദിവസം റോഡ്  ഇടിഞ്ഞ് ആറ്റില്‍ വീണ സംഭവത്തില്‍ നടപടി. റോഡിന്‍റെ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാന്‍ ഹാർബർ എന്‍ജിനീയറിംഗ് വിഭാഗം തീരുമാനം എടുത്തു. റോഡ് പണി  പൂർത്തിയായപ്പോൾ ബാക്കി വന്ന തുക കൊണ്ട് ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണഭിത്തി ഒരുക്കി സഞ്ചാരയോഗ്യം ആക്കും. റോഡിന്‍റെ അരിക് പൂർണ്ണമായും കെട്ടാൻ  പ്രത്യേക പദ്ധതി ഉടൻ നടപ്പാക്കും. 

ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ എടത്വ കമ്പനിപ്പടി – മങ്കോട്ടച്ചിറ റോഡാണ് പമ്പയാറ്റിലെ വെള്ളത്തിനൊപ്പം ഒലിച്ചുപോയത്. 34 ലക്ഷം രൂപയ്ക്ക് ഹാർബർ എൻജിനീയറിംഗ് വകുപ്പിന്‍റേതാണ് പദ്ധതി. 570 മീറ്റർ ടാ‍ർ ചെയ്തതിൽ 10 മീറ്ററിൽ അധികം ദൂരം ഇടിഞ്ഞുപോയി. 

ടാറിംങ് നടക്കുന്ന സമയത്ത് തന്നെ വിള്ളൽ ഉണ്ടായത് ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനെയും എടത്വ പഞ്ചായത്തിനെയും രേഖാമൂലം അറിയിച്ചെന്നാണ് കരാറുകാരൻ പറയുന്നത്. സംരക്ഷണ ഭിത്തി കെട്ടാതെ റോഡ് പണിതതാണ് ഇടിഞ്ഞുതാഴാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ സംരക്ഷണ ഭിത്തി കെട്ടാതെ റോഡ് പണിതതാണ് ഇടിഞ്ഞുതാഴാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.