പഴകിയതും പുഴുവരിച്ചതുമായ മീൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പാളയം മീൻ മാര്‍ക്കറ്റിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമോണിയ സാന്നിധ്യമറിയാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാളയത്ത് മീൻ മാര്‍ക്കറ്റിൽ സംഘര്‍ഷം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയക്ക് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. അഴുകിയ മത്സ്യം വിൽപനയ്ക്ക് വരുന്നു എന്ന പരാതിയെ തുടര്‍ന്ന് പരിശോധനയക്ക് എത്തിയ ഉദ്യോഗസ്ഥരെ മീൻ മാര്‍ക്കറ്റിലുള്ളവര്‍ തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമായത്.രാവിലെ ഒരു മണിക്കൂറോളം ആയിരുന്നു പരിശോധന.
അമോണിയ കലര്‍ന്നതും പഴകിയതും പുഴുവരിച്ചതുമായ 120 കിലോ മീനാണ് പിടിച്ചെടുത്തത്. ചൂരയിലും നെയ്മീനിലുമായിരുന്നു ഏറ്റവുമധികം പ്രശ്നം. ഒരു മാസത്തിലേറെ പഴക്കമുളള മീനുകളായിരുന്നു ഇവയിൽ മിക്കതും. മത്തി, നത്തോലി, അയല തുടങ്ങിയ മീനുകളിലൊന്നും കാര്യമായ കുഴപ്പങ്ങൾ കണ്ടെത്തിയില്ല.
ഉദ്യോഗസ്ഥർ മീൻ പിടിച്ചെടുത്തതിനെ തുടർന്നാണ് കച്ചവടക്കാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. പഴകിയ മീനെന്ന് ആരോപിച്ച് നല്ല മീനുകളും പിടിച്ചെടുത്തുവെന്നാണ് കച്ചവടക്കാരുടെ ആരോപണം.ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കേറ്റം ഇടയ്ക്ക് ചെറിയ സംഘര്‍ഷത്തിലേക്കും എത്തുകയായിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മീനുകളിലാണ് കൂടുതൽ പ്രശ്നം കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് മീൻ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെയാണ് വിപണിയിൽ പഴകിയ മീൻ വ്യാപകമായതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി
