Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റുടമ നിരാഹാര സമരത്തിൽ, ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനം

ഇന്ന് ബലം പ്രയോഗിച്ച് ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കില്ല. ഇവരുടെ വിശദാംശങ്ങളും പുനരധിവാസത്തിന് അപേക്ഷയും സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ഫ്ലാറ്റുകളിലെത്തി. 

protest continues infront of maradu flats owner in hunger strike eviction from today
Author
Maradu, First Published Sep 29, 2019, 11:16 AM IST

കൊച്ചി: മരട് ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും. വ്യാഴാഴ്ചയോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. അതിനിടെ, ഒഴിയാൻ കൂടുതൽ സമയം നൽകണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. 

ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലാണ് ഇവിടെ ഫ്ലാറ്റുള്ള ജയകുമാർ വെള്ളിക്കാവ് നിരാഹാരസമരം തുടങ്ങിയിരിക്കുന്നത്. അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും കൂടുതൽ താമസക്കാരുള്ളത് ഹോളി ഫെയ്‍ത്ത് എച്ച്ടുഒ എന്ന ഈ ഫ്ലാറ്റിലാണ്.

90 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലം. 138 ദിവസത്തിനകം സ്ഥലത്ത് നിന്ന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളടക്കം എടുത്തു മാറ്റണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഇതനുസരിച്ച് കാര്യങ്ങൾ പെട്ടെന്ന് തന്നെ നടപ്പാക്കാൻ ത്വരിതഗതിയിലുള്ള കർമപദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. കെട്ടിടം പൊളിച്ചുനീക്കുന്നതിന്‍റെ മാത്രം ചുമതല നൽകി സർക്കാർ സ്നേഹിൽ കുമാർ സിംഗ് എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സെക്രട്ടറിയായി പ്രത്യേകം സർക്കാർ നിയോഗിച്ചിട്ടുമുണ്ട്. 

എന്നാൽ അഞ്ച് ദിവസത്തിനകം ഫ്ലാറ്റുകൾ ഒഴിയാനാകില്ലെന്നും, കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടാണ് ഫ്ലാറ്റുടമകൾ സമരത്തിലിരിക്കുന്നത്.

  • വൈദ്യുതിയും വെള്ളവും തിരികെ നൽകണം
  • പൊളിയ്ക്കുന്നതിന് മുമ്പ് ഫ്ലാറ്റിന്‍റെ മൂല്യനിർണയം നടത്തി അതനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം
  • അനുയോജ്യമായ വാസസ്ഥലം ഒരുക്കി സമാധാനപരമായി പോകാനുള്ള അവസരം ഒരുക്കിത്തരണം
  • പ്രാഥമിക നഷ്ടപരിഹാരം ഉടൻ നൽകണം

എന്നിവയാണ് പ്രധാനമായും ഇവരുന്നയിക്കുന്ന ആവശ്യങ്ങൾ.

ഒഴിഞ്ഞുപോകുന്ന ഫ്ലാറ്റുടമകൾക്ക് ജില്ലയുടെ പരിധിയിൽത്തന്നെ മറ്റ് ഫ്ലാറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, അതിനുള്ള വാടക പക്ഷേ ഫ്ലാറ്റുടമകൾ നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഇതിനെതിരെയാണ് ഫ്ലാറ്റുടമകളുടെ നിലപാട്.

''സർക്കാരിനെ ഞങ്ങളൊരു ബ്രോക്കറായിട്ടല്ല കാണുന്നത്. വേറെ ഫ്ലാറ്റുകൾ ഞങ്ങൾക്കിഷ്ടമുള്ളവ നോക്കി വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ ഞങ്ങൾക്ക് സ്വന്തം കഴിയുമല്ലോ. അത് പറ്റില്ല. സർക്കാർ തന്നെ ഈ ഫ്ലാറ്റുകളുടെ വാടക നൽകണം. അതല്ലെങ്കിൽ എന്ത് പുനരധിവാസം?'', എന്നാണ് നിരാഹാരസമരം നടത്തുന്ന ഫ്ലാറ്റുടമ ജയകുമാർ വെള്ളിക്കാവ് പറയുന്നത്.

ഇന്ന് മുതൽ കുടിയൊഴിപ്പിക്കുന്ന ദിവസം വരെ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ച് നൽകാമെന്ന് നഗരസഭ ഉറപ്പ് നൽകിയിരുന്നു. ഇത് നടപ്പാക്കിയിട്ടില്ലെന്നും ഉടൻ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

കുടിയൊഴിപ്പിക്കലിന് ഇന്ന് ബലം പ്രയോഗിക്കില്ല
 
ഇന്ന് ഉച്ചയ്ക്ക് ഫ്ലാറ്റ് ഉടമകളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടർ യോഗം വിളിച്ചിട്ടുണ്ട്. അതിന് മുന്നോടിയായി ഒഴിപ്പിക്കൽ ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രതിനിധികൾ കളക്ടറുടെയും പ്രത്യേക പ്രതിനിധി സ്നേഹിൽ കുമാർ സിംഗിന്‍റെയും അധ്യക്ഷതയിൽ യോഗം ചേർന്നു. ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്നാണ് തീരുമാനം.  

നാല് ഫ്ലാറ്റുകളിലെത്തി കുടുംബങ്ങളെ നേരിട്ട് കാണാൻ ഉദ്യോഗസ്ഥരെ വെവ്വേറെ ടീമായി നിയോഗിച്ചിട്ടുണ്ട്. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് തന്നെയാകും ഇതിന് നേതൃത്വം നൽകുക.

എംഎൽഎ അടക്കമുള്ളവരുടെ ഇടനിലയിൽ ഫ്ലാറ്റുടമകൾക്ക് കൂടുതൽ സമയം നൽകാനാകുമോ എന്ന കാര്യം ചർച്ച ചെയ്യാനാണ് ഇന്ന് ഉച്ചയ്ക്ക് ചേരുന്ന യോഗം വിളിച്ചിരിക്കുന്നത്. ബലപ്രയോഗമില്ലാതെ ഒഴിപ്പിക്കാനുള്ള ഒരു പദ്ധതി നടപ്പാക്കാനാകും എന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. 

ജെയ്ൻ കൺസ്ട്രക്ഷൻസിന്‍റെ ഫ്ലാറ്റിലാണ് ഏറ്റവും കൂടുതൽ യൂണിറ്റുകളുണ്ടായിരുന്നത്. ഇവിടെ 128 യൂണിറ്റുകളുള്ളതിൽ 20 ഫ്ലാറ്റുകൾ മാത്രമാണ് വിറ്റുപോയിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർ താമസിക്കുന്നത് ഹോളി ഫെയ്‍ത്ത് എച്ച്ടുഒ ഫ്ലാറ്റിലാണ്. ഇവിടെ 98 യൂണിറ്റുകളുണ്ട്. ഇവിടെ രണ്ടരക്കോടി രൂപ വരെ കൊടുത്ത് ഫ്ലാറ്റ് വാങ്ങിയവരുണ്ട്.

ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റിൽ ആകെ 48 യൂണിറ്റുകളാണുള്ളത്. ഇവിടെയുള്ളവരിൽ പലരും ഇപ്പോൾത്തന്നെ സ്വമേധയാ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞുപോയിക്കഴിഞ്ഞു. ഫ്ലാറ്റുകളിൽ നിരവധി താമസക്കാരില്ല. പക്ഷേ, വിദേശത്ത് താമസിക്കുന്നവരുൾപ്പടെ ഇവിടെ ഫ്ലാറ്റുകൾ വാങ്ങി പൂട്ടിയിട്ടിട്ടുണ്ട്. ഇവിടെ അവരുടെ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അതിൽ സ്വർണം ഉൾപ്പടെയുണ്ട്. അവർക്ക് തിരിച്ചുവന്ന് സാധനങ്ങളെടുത്ത് തിരിച്ച് പോകാൻ സമയം വേണമെന്നാണ് ഫ്ലാറ്റുടമകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്. 

പുനരധിവാസം വേണ്ടവർക്ക് ഇന്നും അപേക്ഷ നൽകാൻ സബ് കളക്ടർ സമയം നൽകിയിട്ടുണ്ട്. എത്ര പേർ ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് വ്യക്തമല്ല. ഇതിന് ശേഷമേ പുനരധിവാസത്തിനുള്ള അന്തിമ കർമപദ്ധതി ജില്ലാ ഭരണകൂടം തീരുമാനിക്കൂ. ഇതിന്‍റെ രൂപരേഖ തയ്യാറാണെങ്കിലും. 

''ഒഴിഞ്ഞുപോകാൻ കൂടുതൽ സമയം വേണമെങ്കിൽ അതും പരിഗണിക്കും. ഒഴിപ്പിക്കലിനുള്ള അന്തിമതീയതി ഒക്ടോബർ 3 ആണ്. ഫ്ലാറ്റുടമകൾ സ്വയം ഒഴിഞ്ഞുപോകുകയാണെങ്കിൽ ശരി. അതല്ലെങ്കിൽ സഹായം ചെയ്ത് നൽകാം. നിയോഗിക്കപ്പെട്ട ഓരോ ടീമുകളും ഫ്ലാറ്റുടമകളെ നേരിട്ട് കാണും. എത്ര ഫ്ലാറ്റുകളിൽ ഇപ്പോഴും താമസക്കാരുണ്ട്, എത്ര പേർ ഒഴിഞ്ഞുപോയി, എത്ര ഫ്ലാറ്റുകൾ വിൽക്കാതെയുണ്ട്, ഇപ്പോഴുള്ള ഫ്ലാറ്റുകളിൽ എത്ര കുടുംബങ്ങൾക്ക് സഹായം ആവശ്യമുണ്ട്, എന്തെല്ലാം സഹായങ്ങളാണ് വേണ്ടത്, എത്ര പേർ പുനരധിവാസത്തിന് അപേക്ഷ നൽകും - എന്നീ വിവരങ്ങൾ ശേഖരിക്കാനാണ് പോകുന്നത്. ആ വിശദമായ സർവേയ്ക്ക് ശേഷം വിശദാംശങ്ങൾ നൽകാം'', സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. 

ജെയിൻ ഹൌസിംഗ്, ആൽഫാ വെഞ്ചേഴ്‍സ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിൽ ആണ് ഇന്നത്തെ നടപടികൾ. ഏറ്റവും കൂടുതൽ താമസക്കാരുള്ള ഹോളി ഫെയ്‍ത്തിൽ ഇന്ന് നടപടികളില്ല. 

പൊളിയ്ക്കൽ നിയന്ത്രിത സ്ഫോടനത്തിലൂടെ 

ക്രെയിനുകൾ ഉപയോഗിച്ചുള്ള പൊളിയ്ക്കലിന് സമയമെടുക്കുമെന്നതിനാൽ നിയന്ത്രിതസ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റുകളും ഒരുമിച്ച് പൊളിക്കാനാണ് തീരുമാനം. പക്ഷേ ഇതിന് മുമ്പ് വിശദമായ ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ഈ ഫ്ലാറ്റുകളുടെ പരിസരത്തുകൂടി ബിപിസിഎൽ ഉൾപ്പടെയുള്ള എണ്ണക്കമ്പനികളുടെ പൈപ്പുകൾ പോകുന്നുണ്ട്. അതിലേക്കുള്ള എണ്ണവിതരണം നിർത്തി വയ്പ്പിക്കണം. ഇതിന് ശേഷം ഫ്ലാറ്റുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ അവിടന്ന് മാറ്റണം. അവരെ പുനരധിവസിപ്പിക്കണം. അതിനായി സബ് കളക്ടറുടെ നേതൃത്വത്തിൽ ഒരു കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പൊളിയ്ക്കലിനായി ടെണ്ടറിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയ കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ആറ് എഞ്ചിനീയർമാരെ നിയോഗിച്ചു. ആവശ്യമെങ്കിൽ മറ്റ് വിദ‍ഗ്‍ധരുടെ സഹായവും തേടും. ഒമ്പതാം തീയതിക്കുള്ളിൽ ഇതിനുള്ള ഏജൻസിയെ അന്തിമമായി തീരുമാനിക്കും. ഒറ്റ ഏജൻസിക്ക് ഇത് പൂർണമായും ചെയ്യാനാകുമോ എന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 

Follow Us:
Download App:
  • android
  • ios