കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിയ സംഘത്തിനെതിരെ കമ്മിഷണർ ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധം. എറണാകുളം റവന്യു ടവറിലെ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. 

വിവരമറിഞ്ഞ് അതിരാവിലെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ഇവിടെ എത്തിയത്. എന്നാൽ ഇവർ വിളിച്ചറിയിച്ചത് അനുസരിച്ച് ഇപ്പോൾ കൂടുതൽ പേർ ഇവിടെ പ്രതിഷേധിക്കുന്നുണ്ട്. എല്ലാവരും ശരണം വിളിച്ചാണ് പ്രതിഷേധിക്കുന്നത്.

അതേസമയം സാഹചര്യം വിലയിരുത്താൻ കൊച്ചി സിറ്റി പൊലീസ് ഡിഐജി ഫിലിപ്പിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ഐജി വിജയ് സാഖറെ സ്ഥലത്തില്ലാത്തതിനാലാണ് ഫിലിപ്പ് യോഗം വിളിച്ചത്. എസിപിമാരും സിഐമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.

കമ്മിഷണർ ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം പ്രതിഷേധക്കാരുടെ നേതാക്കളുമായി ചർച്ച നടന്നേക്കും.