കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും പിന്തുണയുമായി കോഴിക്കോട്ട് ഐക്യദാര്‍ഢ്യ സമിതിയുടെ പ്രതിഷേധം. ഇരുവര്‍ക്കും ജാമ്യം കിട്ടും വരെ പ്രതിഷേധം തുടരുമെന്നും നിയമസഹായമുള്‍പ്പെടെ നല്‍കുമെന്നും സമിതി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തില്‍ താഹയുടെ ബന്ധുക്കളും പങ്കെടുത്തു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും ജാമ്യം കിട്ടാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും യോജിച്ച് ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചത്. 

കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ആദ്യ പ്രതിഷേധ സംഗമം എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. പൊലീസ് കെട്ടിച്ചമച്ച കഥകളുടെ പിന്‍ബലത്തിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ ജാമ്യം പോലും നല്‍കാതെ തടവില്‍ ഇട്ടിരിക്കുന്നതെന്ന് ഐക്യദാര്‍ഢ്യ സമിതി ആരോപിക്കുന്നു. ഇരുവരും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും കേസ് എന്‍ഐഎ ഏറ്റെടുത്തതും ഉള്‍ക്കൊളളാനായിട്ടില്ലെന്ന് താഹയുടെ സഹോദരന്‍ ഇജാസ് പറഞ്ഞു. സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വം ഇപ്പോഴും പിന്തുണ നല്‍കുന്നുണ്ടെന്നും ഇജാസ് വ്യക്തമാക്കി.