തിരുവനന്തപുരം: കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ഒതുക്കിത്തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് പി എസ് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. 

സാജന്‍ പാറയിലിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം ഭരണം അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെട്ടുത്തി.

പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ ഒരില അനങ്ങണമെങ്കില്‍ പോലും സിപിഎം തീരുമാനിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ശ്രീധരൻ പിള്ള ഫേസ്ബുക്കില്‍ കുറിച്ചു. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കൈകഴുകാനും കണ്ണില്‍ പൊടിയിടാനുമാണ് സിപിഎം ശ്രമിക്കുന്നതെന്നും  ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരൻ പിള്ള പറയുന്നു.

പി എസ് ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരില അനങ്ങണമെങ്കിൽ പോലും സിപിഎം തീരുമാനിക്കേണ്ട അവസ്ഥയാണ്.

ഈ സാഹചര്യത്തിൽ ഒരു ഉദ്യോഗസ്ഥൻ പോലും പാർട്ടിയുടെ നിലപാടിനു വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കൈകഴുകാനും കണ്ണിൽ പൊടിയിടാനുമാണ് സിപിഎം ശ്രമിക്കുന്നത്.സാജന് നീതി ലഭിക്കണം. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം. അതൊക്കെ നടക്കണമെങ്കിൽ ആദ്യം അവസാനിക്കേണ്ടത് പാർട്ടി സർവ്വാധിപത്യമാണ്.

സാജന്റെ മരണം ആത്മഹത്യയല്ല. സിപിഎം ഭരണം അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. മറുനാടുകളിൽ ചോര നീരാക്കി പണിയെടുത്ത സമ്പാദ്യം കൊണ്ട് ഒരു സംരംഭം തുടങ്ങാൻ ശ്രമിച്ച പാർട്ടി അനുഭാവിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ? പാർട്ടി തമ്പുരാക്കന്മാരുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നില്ലെങ്കിൽ മരണമാണ് ഫലം എന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സാജന്റെ ആത്മഹത്യ തെളിയിക്കുന്നുണ്ട്.

രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനവികതയുടെ ഉദാഹരണങ്ങളാണിതൊക്കെ. നേരിട്ട അനുഭവം തുറന്നു പറയുന്ന കുടുംബത്തെ തേജോവധം ചെയ്യുന്ന അവസ്ഥയുണ്ടാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഒറ്റപ്പെട്ട സംഭവമാണെന്ന മന്ത്രിയുടെ നിസ്സാരവത്കരിക്കൽ മലയാളികളോടുള്ള വെല്ലുവിളിയാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ നിരന്തരം ഉണ്ടാകുമ്പോൾ അതിനെ ഒറ്റപ്പെട്ടതെന്ന് എങ്ങനെയാണ് വിളിക്കാൻ കഴിയുന്നത് ?

താൻ ഈ കസേരയിൽ ഇരിക്കുന്ന കാലത്തോളം ഓഡിറ്റോറിയത്തിനു ലൈസൻസ് നൽകില്ല എന്ന് സാജനോട് ആന്തൂർ ചെയർപേഴ്സൺ പറഞ്ഞതാണ് അദ്ദേഹത്തെ മാനസികമായി തളർത്തിയതും ആത്മഹത്യയിലേക്ക് നയിച്ചതുമെന്നാണ് അറിയുന്നത്. ഒരാളുടെ ആയുഷ്കാല സമ്പാദ്യം വെള്ളത്തിൽ വരച്ച വരപോലെയാക്കിയതും പോരാഞ്ഞ് അദ്ദേഹത്തെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും ഉത്തരവാദി കസേരയിൽ ഉറച്ചിരിക്കുന്നത് കേരളത്തിന് അപമാനമാണ്. അതായത് ആ കസേരയിൽ ഇനി ഇരിക്കാൻ പാടില്ലാത്തത് കേവലം ഉദ്യോഗസ്ഥർ മാത്രമല്ല നഗരസഭ ചെയർപേഴ്സൺ കൂടിയാണ്.