റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പിഎസ്സി ഹര്‍ജിയില്‍ പറയുന്നു. 

തിരുവനന്തപുരം: എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‍സി ഹൈക്കോടതിയിൽ അപ്പീൽ നൽകി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉചിതമായ കാരണങ്ങളില്ലാതെ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ആകില്ലെന്ന് അപ്പീലിൽ പിഎസ്‍സി വ്യക്തമാക്കുന്നു. 

ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാതിരിക്കുകയോ പരീക്ഷ നടക്കാതിരിക്കുകയോ ചെയ്താൽ മാത്രമാണ് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കേണ്ടത്. നിലവിൽ 14 ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിലെ കാലാവധി വീണ്ടും നീട്ടിയാൽ ഈ ഉദ്യോഗാർത്ഥികളുടെ അവസരം തടയലിന് സമം ആകുമെന്നും പിഎസ്‍സി അപ്പീലില്‍ പറയുന്നുണ്ട്. ഹർജി നാളെ കോടതി പരിഗണിക്കും.

പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.