തിരുവനന്തപുരം: പിഎസ്‍സി ക്രമക്കേട് കേസിലെ പ്രതികളെ യൂണിവേഴ്സിറ്റി കോളേജിൽ തെളിവെടുപ്പിനായി എത്തിച്ചു, പ്രവീൺ സഫീർ എന്നീ പ്രതികളുമായാണ് തെളിവെടുപ്പ് നടത്തുന്നത്. രാവിലെ 10 മണിയോടെയാണ് രണ്ട് പേരെയും യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ചത്. പരീക്ഷാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് പ്രണവ്, സഫീർ കേസിലെ നാലാം പ്രതിയാണ്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരെയും ഇന്ന് തെളിവെടുപ്പിനായി ഹാജരാക്കിയത്.

ഇരുവരെയും തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോയി. ഇവരെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുകയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. രണ്ട് പേരെയും റിമാൻഡ് ചെയ്തേക്കും. നേരത്തെ ചോദ്യം ചെയ്യലിനിടെ ഇവർ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. പരസ്പരം പഴിചാരിക്കൊണ്ടായിരുന്നു പ്രതികളുടെ മൊഴി.

ചോദ്യപേപ്പർ ചോർത്തിയത് നസീമാണെന്ന് രണ്ടാം പ്രതി പ്രണവ് മൊഴി നൽകി. എന്നാൽ മുഖ്യ ആസൂത്രകൻ പ്രണവെന്നായിരുന്നു നസീമിന്റെയും ശിവര‍ഞ്ജിത്തിന്‍റേയും ഗോകുലിന്റെയും മൊഴി. തട്ടിപ്പിനുപയോഗിച്ച മൊബൈൽ ഫോണോ സ്മാർട്ട് വാച്ചോ കണ്ടെടുക്കാനായിട്ടില്ല. ഉത്തരങ്ങൾ അയച്ച ഫോണും കോപ്പിയടിക്കുപയോഗിച്ച് സ്മാർട്ട് വാച്ചും മണിമലയാറ്റിലെറിഞ്ഞെന്നാണ് പ്രണവ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുള്ളത്. പ്രതികൾക്ക് നുണപരിശോധന നടത്താൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്.