Asianet News MalayalamAsianet News Malayalam

ആരുമായും ചർച്ചയ്ക്ക് തയാറെന്ന് സമരക്കാർ; സമരരീതി മാറുമെന്ന് ലയ രാജേഷ്

സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. കെഎസ്ആർടിസി മെക്കാനിക്കൽ ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളും സമരവുമായി രംഗത്തെത്തി. 
 

psc rank holders about protest
Author
trivandrum, First Published Feb 18, 2021, 10:35 AM IST

തിരുവനന്തപുരം: ആവശ്യം നേടിയെടുക്കാൻ ആരുമായും ചർച്ചയ്ക്ക് തയാറെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയ രാജേഷ്. ഈ മാസം 20 മുതൽ കൂടുതൽ പേർ സമരത്തിനെത്തുമെന്നും ഇനി സമര രീതി മാറുമെന്നും ലയ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചര്‍ച്ചയ്ക്കായി മന്ത്രിമാരെ സമീപിച്ചു. ഇന്നലെ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചെങ്കിലും പിന്നീട് പ്രതികരണം ഉണ്ടായില്ല. ഇനിയും മന്ത്രിമാരെ അങ്ങോട്ട് വിളിക്കുമെന്ന് ലയ പറഞ്ഞു. ഇന്ന് മുതൽ ഉദ്യോഗാര്‍ത്ഥികളുടെ ഉപവാസ സമരം ആരംഭിക്കുകയാണെന്നും ലയ കൂട്ടിച്ചേർത്തു.

സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ്  ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു. പതിനൊന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം. അതിനിടെ, കെഎസ്ആർടിസി മെക്കാനിക്കൽ ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളും സമരവുമായി രംഗത്തെത്തി. ഇന്നലെ ഡിവൈഎഫ്ഐ നേതാക്കൾ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വിഭാഗം സമരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ച് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചിട്ടില്ല.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചെങ്കിലും തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ സമരം തുടരാന്‍ തന്നെയാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയതും താത്കാലികമാണെന്നാണ് സൂചനകളാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്. ഭരണത്തുടർച്ച ഉണ്ടായാൽ സ്ഥിരപ്പെടുത്തൽ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ സമരത്തെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളുകയും ചെയ്തു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം 3051 പുതിയ തസ്തികൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുവജനരോഷം ഉയരുന്നതിനിടെയാണ് സ്ഥിരപ്പെടുത്തൽ മഹാമഹത്തിന് സർക്കാർ താത്കാലിക തിരശ്ശീല ഇട്ടത്. കഴിഞ്ഞ മൂന്ന് മന്ത്രിസഭാ യോഗങ്ങളിൽ മാത്രമായി 789 പേരെയാണ് സ്ഥിരം ജോലിക്കാരാക്കിയത്. സ്ഥിരപ്പെടുത്തൽ നി‍ർത്തുന്നതോടൊപ്പം യുവജനപ്രതിഷേധം തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തസ്തികകള്‍ ഉണ്ടാക്കാൻ തീരുമാനിച്ചത്.

ആരോഗ്യവകുപ്പിൽ 2027, ഹയർസെക്കണ്ടറിയിൽ 151, മണ്ണ് സംരക്ഷണവകുപ്പിൽ 111 എന്നിങ്ങനെ വിവിധ വകുപ്പുകളിൽ പുതുതായി സൃഷ്ടിച്ച തസ്തികകൾ. തസ്തികകൾ സൃഷ്ടിച്ചത് ഉയർത്തിയും സമരത്തിന് പിന്നിലെ പ്രതിപക്ഷ രാഷ്ട്രീയം പറഞ്ഞും നിയമന പ്രതിഷേധത്തെ നേരിടാന്‍ തന്നെയാണ് സർക്കാർ തീരുമാനം. 

Follow Us:
Download App:
  • android
  • ios