Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിന് പൊതു പ്ലാറ്റ്ഫോം; ജി സ്യൂട്ടുമായി കൈറ്റ് വിക്ടേഴ്സ്

വീഡിയോ കോണ്‍ഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെന്‍റുകൾ നൽകാനും ,ക്വിസുകൾ സംഘടിപ്പിക്കാനും, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം പ്ലാറ്റ്ഫോമിലുണ്ടാകും. 

Public platform for online learning in the state kerala Kite Victors with G Suite
Author
Kerala, First Published Jul 8, 2021, 7:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈൻ പഠനത്തിനായി ജി സ്യൂട്ട് എന്ന പൊതു പ്ലാറ്റ്ഫോമൊരുക്കി കൈറ്റ്സ് വിക്ടേഴ്സ്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെയാണ് പൊതു ഡൊമൈനിൽ കൊണ്ടുവരുന്നത്.

അധ്യാപകന് മാത്രം സംസാരിക്കാൻ കഴിയുന്ന രീതിയിലായിരുന്നു ഇതു വരെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓണ്‍ലൈൻ പഠനം. ഇതിൽ നിന്നും കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന  പ്ളാറ്റ്ഫോമാണ് കൈറ്റ്സ് ഒരുക്കുന്ന ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായാണ് പൊതു പ്ലാറ്റ്ഫോം ലഭ്യമാക്കിയത്. പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും. 

സ്വകാര്യ സംവിധാനമാണെങ്കിലും ഇതിൽ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോണ്‍ഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെന്‍റുകൾ നൽകാനും ,ക്വിസുകൾ സംഘടിപ്പിക്കാനും, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം പ്ലാറ്റ്ഫോമിലുണ്ടാകും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ജി സ്യൂട്ടിലുണ്ട്.

എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനും കഴിയും.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോ‍ഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവുമുണ്ടാകും. 

സ്വകാര്യ സ്കൂളുകൾ നിലവിൽ പരീക്ഷിക്കുന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളെക്കാൾ വിപുലവും ലളിതവുമായി സംവിധാനമായാണ് ജിസ്യൂട്ടിനെ കൈറ്റ് അവതരിപ്പിക്കുന്നത്. ജി സ്യൂട്ട് വഴി ട്രയലായി പൊതുവിദ്യാഭ്യാസമന്ത്രി വിദ്യാർത്ഥികളുമായി സംസാരിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരമങ്ങൾ ലഭ്യമാക്കിയശേഷമാകും ജി സ്യൂട്ട് വഴിയുള്ള ക്ലാസുകൾ തുടങ്ങുക.
 

Follow Us:
Download App:
  • android
  • ios