കൊവിഡ് ബാധിതരായി ചികിത്സയിലുളള നിരവധി പേർ പൾസ് ഓക്സിജൻ മീറ്ററില്ലാതെ വലയുമ്പോഴാണ് സർക്കാർ നിർദേശം കാറ്റിൽപ്പറത്തി മെഡിക്കൽ ഷോപ്പുകള്‍ ഈ പകൽ കൊളള നടത്തുന്നത്
കോട്ടയം: കൊവിഡ് രോഗികൾ ഉപയോഗിക്കുന്ന പൾസി ഓക്സിമീറ്റർ കരിചന്തയിൽ സുലഭം. ശരീരത്തിലെ ഓക്സിജന്‍റെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ വില 900 രൂപയിൽ നിന്ന് ഒറ്റയടിക്കാണ് 3500 രൂപയിലേക്കെത്തിയത്. കൊവിഡ് ബാധിതരായി ചികിത്സയിലുളള നിരവധി പേർ പൾസ് ഓക്സിജൻ മീറ്ററില്ലാതെ വലയുമ്പോഴാണ് സർക്കാർ നിർദേശം കാറ്റിൽപ്പറത്തി മെഡിക്കൽ ഷോപ്പുകള്‍ ഈ പകൽ കൊളള നടത്തുന്നത്.
കോട്ടയത്ത് ഓക്സിമീറ്ററിന് ചിലയിടങ്ങളില്‍ രണ്ടായിരവും മറ്റുചിലയിടത്ത് 2500 വരെ ഈടാക്കുന്നുണ്ട്. വില ഇത്ര ഉയർന്ന് നിൽക്കാനുളള കാരണം ചോദിച്ചാൽ ഓക്സിമീറ്റർ കിട്ടാനില്ലായെന്നാണ് മറുപടി. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്ന മുന്നറിയിപ്പും. മുഖ്യമന്ത്രിയാണ് പൾസ് ഓക്സിമീറ്ററിന്‍റെ കരിഞ്ചന്ത തടയുമെന്ന് പ്രഖ്യാപിച്ചത്.
ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിച്ച് 94 ശതമാനത്തിൽ കുറവാണെങ്കിൽ രോഗി അടിയന്തരമായി ഓക്സിജൻ സ്വീകരിക്കണം. 94 ശതമാനത്തിൽ കൂടുതലാണെങ്കിൽ ആരോഗ്യവാനാണ്. അതായത് ആശുപത്രയിലെത്തി ചികിത്സ അടിയന്തരമായി നടത്തണമോയെന്ന് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് നിർണയിക്കാം.
