ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചുവെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുമായിരുന്നു ബിജെപി ആവശ്യപ്പെട്ടത്
പത്തനംതിട്ട: പുൽവാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതിൽ വിശദീകരണവുമായി ആന്റോ ആന്റണി എംപി. ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് പങ്കില്ലേ എന്ന് ചോദിച്ചത് മാധ്യമപ്രവർത്തകർ ആണെന്നും എന്ത് പങ്ക് എന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യം പിന്നീട് ഓരോ താത്പര്യക്കാര്‍ വ്യാഖ്യാനിക്കുകയായിരുന്നു. മുൻ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാൽ മാലിക് പറഞ്ഞ കാര്യങ്ങളാണ് താൻ ആവർത്തിച്ചത്. കെ സുരേന്ദ്രൻ പറഞ്ഞ പോലെ കേസ് എടുക്കണം എങ്കിൽ ആദ്യം സത്യപാൽ മാലികിനെതിരെയും പിന്നെ ഇതേ വിഷയത്തിൽ സമരം ചെയ്‌ത സൈനികരുടെ വിധവകൾക്ക് എതിരെയും കേസ് എടുക്കുമോ? സത്യപാൽ മാലിക് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഒന്നും സുരേന്ദ്രൻ പറയുന്നില്ല. പുൽവാമ സംഭവം രാഷ്ട്രീയ നേട്ടത്തിന് ആയി ബിജെപി ഉപയോഗിച്ചുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചുവെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുമായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടത്. ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയത്? ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറയുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യം ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിത്. ആന്റോയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.
പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് എന്ത് പങ്കെന്നായിരുന്നു പാക്കിസ്ഥാന് പങ്കില്ലേയെന്ന ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തിൽ എംപി ചോദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അറിയാതെ പുൽവാമയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയില്ല. മുൻ കശ്മീര്‍ ഗവർണർ സത്യപാൽ മാലിക് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യൻ അതിര്‍ത്തിക്കുള്ളിൽ നടന്ന സ്ഫോടനമാണ് പുൽവാമയിലേത്. ജവാന്മാരുടെ ജീവൻ കേന്ദ്രം ബലി കൊടുത്തു. തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി എന്തും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് പുൽവാമ ആക്രമണം. ഇന്ത്യയിൽ ഏറ്റവും സുരക്ഷാ ഭീഷണി നേരിടുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. എന്നിട്ടും മണിപ്പൂരിൽ രാഹുൽ ഗാന്ധി ഒറ്റയ്ക്ക് പോയി. കോൺഗ്രസ് പറയുന്നത് നടപ്പാക്കുന്ന പാർട്ടിയാണ്. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ സി.എ.എ നിയമം എടുത്ത് കളയുമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.
