ആർഎസ്എസ് പ്രവർത്തകനായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) പിണറായിയിലെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകന്റെ വീട്ടിലാണെന്നത് വലിയ ഞെട്ടലാണ് കണ്ണൂരിലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയത്
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി നിജിലിനെ ഒളിവിൽ പാർപ്പിച്ചതിനായിരുന്നു കേസ്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.
ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം. സിപിഎം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും കക്കോത്ത് രാജൻ പറഞ്ഞു. പ്രശാന്തിൻ്റെ കുടുംബവുമായി ഇനിയും സഹകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.
ആർഎസ്എസ് പ്രവർത്തകനായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) പിണറായിയിലെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകന്റെ വീട്ടിലാണെന്നത് വലിയ ഞെട്ടലാണ് കണ്ണൂരിലെ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയത്. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നു പ്രശാന്തിന്റേതെന്ന് സിപിഎം പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ ഈ വീട്ടിലേക്ക് പ്രതി എത്തിയത്. സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മ. രേഷ്മയുടെ ഭർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആർഎസ്എസുകാരൻ ഒളിവിലായത് എന്ന വാർത്ത പരന്നതിന് പിന്നാലെ ഇന്നലെ രാത്രി വീടിന് നേരെ ബോംബേറുണ്ടായി.
രേഷ്മ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു എന്നും ഭർത്താവ് പ്രശാന്തിന് സിപിഎമ്മുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത് എന്നും പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ പറഞ്ഞു. എന്നാൽ രേഷ്മയും പ്രശാന്തും ആർഎസ്എസുമായി സഹകരിക്കുന്നവർ എന്നാണ് ജില്ലാ സെക്രട്ടറിയുടെ തിരുത്ത്. രേഷ്മയും പ്രതി നിജിൽ ദാസും തമ്മിലുള്ള ദുരൂഹമായ ബന്ധം കാരണമാണ് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതെന്നാണ് വിശദീകരണം.
മുഖ്യന്ത്രിയുടെ വീടിന് 200 മീറ്റർ മാത്രം അകലെ കൊലക്കേസ് പ്രതി ഒളിച്ചുകഴിഞ്ഞതും ബോംബേറുണ്ടായതും പൊലീസിന്റെ വീഴ്ചയായി. സമൂഹമാധ്യമങ്ങളിൽ ഇടത് ഗ്രൂപ്പുകളിൽ രേഷ്മയെ സൈബർ അറ്റാക്ക് ചെയ്യുന്ന പോസ്റ്റുകൾ നിറയുന്നുണ്ട്.
