കാസര്‍കോട്: കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കൊവിഡ് എന്ന് സൂചന. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുര്‍റഹ്മാന്‍  ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണ്. കൊവിഡ് സ്ഥിരീകരിക്കാനായി സാമ്പിൾ വീണ്ടും പരിശോധിക്കും. ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ആണ് ഫലം പോസിറ്റീവ് ആയത്. വിശദ പരിശോധനയ്ക്കായി സാമ്പിൾ പെരിയ ലാബിലേക്ക് അയച്ചു. ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. 

സുള്ളിയിലെ വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലൻസ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത് അവിടെ നിന്നും ടാക്സിയിൽ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. പനി കൂടുതലാണെന്ന് മാത്രമാണ് ആശുപത്രിയിൽ അറിയിച്ചിരുന്നു. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.