Asianet News MalayalamAsianet News Malayalam

പുറ്റിങ്ങല്‍ ദുരന്തം: ഉദ്യോഗസ്ഥരെയും പൊലീസിനെയും ഒഴിവാക്കിയ കുറ്റപത്രം ദുർബലമെന്ന് ക്രൈംബ്രാഞ്ച് മേധാവി

ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനെയും പൊലീസ് ഉദ്യോഗസ്ഥരെയും പൂർ‍ണ്ണമായും  പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുകയും സാക്ഷികൾ മാത്രമാക്കുകയും ചെയ്തു.

puttingal accident  Crime branch chief report
Author
Kochi, First Published Dec 26, 2019, 11:50 PM IST

കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിൽ നിലവിലെ കുറ്റപത്രം ദുർബലമെന്ന് ക്രൈംബ്രാഞ്ച് മേധാവി. ഉദ്യോഗസ്ഥരെയും പൊലീസിനെയും പൂർണ്ണമായും  ഒഴിവാക്കിയുള്ള കുറ്റപത്രം കോടതിയിൽ നൽകിയാൽ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകുന്നതിന് മുന്നോടിയായി   ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി കത്ത് നൽകി.

110 പേർ കൊല്ലപ്പെട്ട പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാ‌ഞ്ച് സംഘം 2018 നവംബര്‍ 28 നാണ് 52 പേരെ പ്രതികളാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ക്ഷേത്രം ഭാരവാഹികൾ, കരാറുകാർ  അടക്കം 37 പേർക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയായിരുന്നു റിപ്പോർട്ട്. ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനെയും പൊലീസ് ഉദ്യോഗസ്ഥരെയും പൂർ‍ണ്ണമായും  പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുകയും സാക്ഷികൾ മാത്രമാക്കുകയും ചെയ്തു. ഈ കുറ്റപത്രത്തിന്‍റെ നിയമസാധുതയാണ് പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ചോദ്യം ചെയ്യുന്നത്. 

അന്തിമ റിപ്പോർട്ട് പരിശോധിച്ചപ്പോൾ കുറ്റപത്രത്തിൽ കൂടുതൽ വ്യക്തതയുണ്ടാകണമെന്നാണ് തോന്നിയതെന്ന് നവംബർ 13ന്  ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് അയച്ച കത്തിൽ എഡിജിപി വ്യക്തമാക്കുന്നു. ക്ഷേത്ര ഭരണസമതി അംഗങ്ങളെപോലെ തന്നെ ലൈസൻസില്ലാത്ത  വെടിക്കെട്ട് തടയാതിരുന്ന ഉദ്യോഗസ്ഥർക്കും ദുരന്തത്തിൽ തുല്യമായ  പങ്കുണ്ട്. ഇവരെ ഒഴിവാക്കിയുള്ള കുറ്റപത്രം കോടതിയിൽ ദുർബലമാകും, അന്വേഷണ സംഘത്തിന് തിരിച്ചടിയുമുണ്ടാകും. 2016 ൽ  വെടിക്കെട്ട് ദുരന്തത്തിന് ശേഷം  ക്ഷേത്രം ഭാരവാഹികൾ നൽകിയ  ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ ഉദ്യോഗസ്ഥർക്കോ പൊലീസിനോ വീഴ്ചകൾ സംഭവിച്ചെങ്കിൽ അത് അന്വേഷിക്കണമെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ടെന്നും കത്തിൽ എഡിജിപി ചൂണ്ടിക്കാട്ടുന്നു. 

നിലവിലുള്ള കുറ്റപത്രം കോടതിയിൽ നൽകിയതിന് ശേഷം ഉദ്യോഗസ്ഥ പങ്കിൽ മൂന്നര വർഷത്തിന് ശേഷം തുടരന്വേഷണം നടത്താൻ നിയമ സാധുതയുണ്ടോ എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് എഡിജിപി നിയമോപദേശം തേടിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് പി.എസ് ഗോപിനാഥനും കുറ്റകരമായ വീഴ്ച റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ റിപ്പോർട്ടും സർക്കാറിന്‍റെ പരിഗണനയിലാണ്.

Follow Us:
Download App:
  • android
  • ios