ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണ് നീയൊക്കെ പറയുന്ന ഈ പച്ചരി വിജയനെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ എംഎല്‍എ വി ടി ബല്‍റാമിന് പരോക്ഷ മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണ് നീയൊക്കെ പറയുന്ന ഈ പച്ചരി വിജയനെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേയെന്നും അദ്ദേഹം ചോദിച്ചു. വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റോടെയാണ് ഇന്ന് വിവാദങ്ങള്‍ക്ക് തുടക്കമായത്. 

വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്റെ ഫ്‌ലക്‌സ് ബോര്‍ഡാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പോടെ ഷെയര്‍ ചെയ്തത്. 'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം' എന്നാണ് പിണറായി വിജയന്റെ ഫോട്ടോ അടക്കം ഫ്‌ലക്‌സില്‍ എഴുതിയത്. ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിക്ക് അടുത്താണ് ഫ്‌ലെക്‌സ് സ്ഥാപിച്ചതായി ഫോട്ടോയില്‍ കാണുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിണറായി വിജയനെ ദൈവമാക്കിയ സിപിഎമ്മിന്റെ അധപതനമാണ് ഫ്‌ലക്‌സ് ബോര്‍ഡിലൂടെ വ്യക്തമാകുന്നതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. എന്നാല്‍ വിവാദമായതോടെ ഫ്‌ലക്‌സ് ബോര്‍ഡ് എടുത്തുമാറ്റി. 

ഈ ഫ്‌ലക്‌സ് ബോര്‍ഡാണ് വി ടി ബല്‍റാം കുറിപ്പോടെ ഷെയര്‍ ചെയ്തത്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ ആണെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനെ പച്ചരി വിജയനെന്ന് അഭിസംബോധന ചെയ്തതിനെതിരെ സിപിഎം അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona