തിരുവനന്തപുരം: എക്സ് എംപി എന്ന് എഴുതിയ കാറുമായി ബന്ധപ്പെട്ട വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ചിത്രം വ്യാജമാണെന്ന വാദം ശക്തമായതോടെ വിടി ബല്‍റാമും ഷാഫി പറമ്പിലും പോസ്റ്റ് പിന്‍വലിച്ചെങ്കിലും പികെ ഫിറോസ് അടക്കമുള്ളവര്‍ സത്യം പുറത്തുവരണമെന്ന വികാരമാണ് പങ്കുവയ്ക്കുന്നത്. ആരോപണ വിധേയനായ മുന്‍ എംപി സമ്പത്ത് പോലും ചിത്രം വ്യാജനാണെന്ന് ഉറപ്പിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ഫിറോസടക്കമുള്ളവരുടെ വാദം.

EX MP കാര്‍ വിവാദം തുടരുന്നതിനിടെയാണ് ഇത് ഉയര്‍ത്തിവിട്ട യുഡിഎഫിലെ യുവ നേതാക്കളോട് പാലാരിവട്ടം മേല്‍പ്പാലത്തിലെ അഭിപ്രായമാരാഞ്ഞ് നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ രംഗത്തെത്തിയത്. ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളതെന്ന് ചൂണ്ടികാട്ടിയ അന്‍വര്‍, പൊതുജനങ്ങൾക്ക്‌ ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച്‌ വി.ടി.ബൽറാം ഷാഫി പറമ്പിൽ പി കെ ഫിറോസ്‌ എന്നിവര്‍ എന്തുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ചോദിച്ചു. വിഷയത്തില്‍ മൂന്ന്പേരുടെയും അഭിപ്രായം അറിയാനാഗ്രഹമുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലുടെ വ്യക്തമാക്കി.

അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ശ്രീ.വി.ടി.ബൽറാം MLA,
ശ്രീ.ഷാഫി പറമ്പിൽ MLA,
ശ്രീ.പി.കെ.ഫിറോസ്‌,

ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളത്‌.പൊതുജനങ്ങൾക്ക്‌ ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച്‌ ഇന്ന് വരെ നിങ്ങൾ മൂന്ന് പേരും പ്രതികരിച്ച്‌ കണ്ടിട്ടില്ല.സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാർ എന്ന നിലയിൽ,പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകൾ അറിയാൻ ഞാൻ ഉൾപ്പെടുന്ന പൊതുജനങ്ങൾക്ക്‌ ആഗ്രഹമുണ്ട്‌.

കഴിഞ്ഞ യു.ഡി.എഫ്‌ സർക്കാരിന്റെ കാലത്ത്‌ നടന്ന ഈ നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച്‌ നിങ്ങൾക്ക്‌ മൂന്ന് പേർക്കും പറയാനുള്ളതെന്താണ്? ഇന്ന് നിങ്ങൾ വലിയ ആഗോള വിഷയമാക്കി ഉയർത്തുന്ന ഒരു ബോർഡ്‌ വിവാദം ഈ പാലാരിവട്ടം അഴിമതിയുടെ ഏഴയലത്ത്‌ എത്തുന്നതാണോ?നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള ചർച്ചകൾ നിർജ്ജീവമാക്കാനല്ലേ ശ്രമം?
ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനായി നിങ്ങൾക്ക്‌ വിലക്കുകൾ നിലവിലുണ്ടോ?
മറുപടി പ്രതീക്ഷിച്ച്‌ കൊണ്ട്‌ നിർത്തുന്നു.