ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്‍റെ വന്‍ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നു

മലപ്പുറം: ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്‍റെ വന്‍ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നു. പമ്പുകളിലെ ഓണ്‍ലൈന്‍ പണമിടപാടില്‍ ക്യുആര്‍ കോഡുകള്‍ ദുരുപയോഗം ചെയ്ത് വ്യാജ ഇടപാടുകള്‍ നടത്തിയാണ് സംഘം ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം ജില്ലയിലെ വിവിധ പമ്പുകളിലായി ഏതാണ്ട് പത്ത് ലക്ഷത്തിലധികം രൂപയാണ് പമ്പുടമകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. തട്ടിപ്പിനിരയായ ഭൂരിഭാഗം പമ്പുകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ പൊലീസ് മരവിപ്പിച്ചതായും പരാതിയുണ്ട്. പ്രമുഖ പൊതുമേഖലാ ഇന്ധന കമ്പനികളുടെ പമ്പുകളിലാണ് പ്രധാനമായും യുവാക്കള്‍ അടങ്ങുന്ന ഈ തട്ടിപ്പ് സംഘം വലവിരിച്ചിരിക്കുന്നത്. കാറുകളിലെത്തുന്ന യുവാക്കളുടെ സംഘം ചെറിയ തുകയ്ക്ക് ഇന്ധനം അടിച്ച ശേഷം ഓണ്‍ലൈനായി പണം അയക്കാനായി പമ്പിലെ ക്യുആര്‍ കോഡ് ആവശ്യപ്പെടും. തുടര്‍ന്ന് ഇവര്‍ ഈ കോഡിന്‍റെ ചിത്രം മൊബൈല്‍ വഴി മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ തട്ടിപ്പ് ശൃംഖലയ്ക്ക് അയച്ചു കൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 നിമിഷങ്ങള്‍ക്കകം ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ അക്കൗണ്ടുകളില്‍ നിന്ന് ഇന്ധനം അടിച്ച തുകയേക്കാള്‍ വളരെ വലിയൊരു തുക പമ്പിന്റെ അക്കൗണ്ടിലേക്ക് വരും. പണം അക്കൗണ്ടില്‍ കയറിയ ഉടന്‍ തന്നെ യുവാക്കള്‍ പമ്പ് ജീവനക്കാരോട് തുക മാറിപ്പോയതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. അഞ്ഞൂറ് രൂപയ്ക്ക് പകരം അമ്പതിനായിരം രൂപ അയച്ചുപോയെന്നും ബാക്കി തുക ദയവായി കൈപ്പണമായി തിരിച്ചു തരണമെന്നും ഇവര്‍ ആവശ്യപ്പെടും. പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തിയില്‍ ജീവനക്കാര്‍ ബാക്കി തുക കയ്യില്‍ നിന്നും നല്‍കുന്നതോടെ ഈ പണവുമായി സംഘം ഉടന്‍ തന്നെ മുങ്ങുകയാണ് പതിവ്.

വടക്കേ ഇന്ത്യയിലെ ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍ നിന്നോ മറ്റ് നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയോ തട്ടിയെടുക്കുന്ന കള്ളപ്പണമാണ് ഇത്തരത്തില്‍ പമ്പുകളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നത്. ഇങ്ങനെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കള്ളപ്പണം അക്കൗണ്ടില്‍ എത്തുന്നതോടെ, ആ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന സൈബര്‍ പൊലീസ് പമ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഒരേസമയം കയ്യിലെ പണവും നഷ്ടപ്പെട്ട്, ബാങ്ക് അക്കൗണ്ടുകളും തടസ്സപ്പെട്ട് ഇരട്ടി ദുരിതത്തിലായിരിക്കുകയാണ് ജില്ലയിലെ പമ്പുടമകള്‍. വ്യാപകമായ രീതിയില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പമ്പുടമകളുടെ സംഘടനകളും അധികൃതരും അന്വേഷണം ശക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തട്ടിപ്പിനിരയായ പമ്പുടമകള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ബന്ധമുള്ള ഈ യുവാക്കളുടെ തട്ടിപ്പ് സംഘത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

YouTube video player