തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ഇന്നലെയാണ് ബാർട്ടൻഹിൽ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. നേരത്തെയും തിരുവനന്തപുരം സമാനമായ ആത്മഹത്യ നടന്നിരുന്നു. അന്ന് കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. 

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡിന് കീഴടങ്ങി. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ (67) ആണ് മരിച്ചത്. രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ എട്ടിന് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.