Asianet News MalayalamAsianet News Malayalam

പ്രവർത്തിക്കാത്ത ക്വാറിയിൽ സ്ഫോടക വസ്കു എത്തിയതെങ്ങനെ? ക്രൈംബ്രാഞ്ച് അന്വേഷിക്കും

വിശദമായ അന്വേഷണത്തിന് അഞ്ചംഗസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് മാസമായി പ്രവർത്തിക്കാത്ത ക്വാറിയിൽ സ്ഫോടക വസ്തുക്കൾ എത്തിയതെങ്ങനെ എന്ന് അന്വേഷിക്കും. 

quarry accident in thrissur district crime branch will enquire
Author
Thrissur, First Published Jun 23, 2021, 8:35 AM IST

തൃശ്ശൂർ: തൃശൂര്‍ വാഴക്കോട് പാറമടയില്‍ ഉണ്ടായ ക്വാറി അപകടം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ അന്വേഷണത്തിന് അഞ്ചംഗസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് മാസമായി പ്രവർത്തിക്കാത്ത ക്വാറിയിൽ സ്ഫോടക വസ്തുക്കൾ എത്തിയതെങ്ങനെ എന്ന് അന്വേഷിക്കും. 

ഫോറൻസിക്- എക്സ്പ്ലോസീവ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളടക്കം ഉയരവേ, അന്വേഷണം നിർണായകമാണ്. 

2018-ല്‍ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ഈ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു. ആറു മാസമായി അടച്ചിട്ടിരിക്കുന്ന ക്വാറിയില്‍ എങ്ങനെ സ്ഫോടക വസ്തുക്കള്‍ എത്തിയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മണ്ണിനടിയിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിയിരിക്കാം എന്നാണ് പാറമട ഉടമ അബ്ദുള്‍ സലാം അറിയിച്ചത്. 

5 പേര്‍ എന്തിനാണ് രാത്രി പാറമടക്കകത്ത് എത്തിയതെന്നതും ദൂരൂഹമാണ്. മീൻ പിടിക്കാൻ പോയതാണെന്ന വിശദീകരണം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. എന്തു സ്ഫോടകവസ്തുക്കളാണ് അവിടെ ഉണ്ടായിരുന്നത്, സ്ഫോടനത്തിൻറെ തീവ്രത എത്ര മാത്രമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഫോറൻസിക്-എക്സ്പ്ലോക്സീവ് വിഭാഗത്തിന്‍റെ റിപ്പോർട്ടിന് ശേഷം വ്യക്തത വരും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 6 പേരുടെ മൊഴിയും നിര്‍ണായകമാണ്. എന്നാൽ പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ അവരുടെ മൊഴി ഉടൻ രേഖപ്പെടുത്താനാകില്ല. 

വാഴക്കോട് സ്വദേശി അലിക്കുഞ്ഞിൻറെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്‍റെ തലയ്ക്ക് സാരമായ പരിക്കുണ്ട്. കണ്ണുകളില്‍ ഉള്‍പ്പടെ ശരീരമാകെ മുറിവുകളുമുണ്ട്. ഇദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരുടെ ശ്വാസകോശത്തിനാണ് ക്ഷതമേറ്റിരിക്കുന്നത്.

അനുമതിയില്ലാത്ത പാറമടയില്‍ നിന്ന് ദിവസവും നിരവധി ലോഡുകളാണ് പുറത്തേക്ക് കൊണ്ടു പോയിരുന്നതെന്ന് ബിജെപി ആരോപിച്ചു. ഉടമ സിപിഎം നേതാവായതിനാല്‍ അധികൃതരുടെ മൗനാനുവാദം ഇതിനുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.

പാറപൊട്ടിക്കാനല്ല സ്ഫോടകവസ്തു ഉപയോഗിച്ചതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും തീരുമാനം.

Follow Us:
Download App:
  • android
  • ios