ചോദ്യ പേപ്പർ ചോർച്ചാ കേസിൽ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു. 

മലപ്പുറം: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഫാപനത്തിൽ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ മഅ്ദിൻ സ്കൂൾ ജീവനക്കാരൻ അബ്ദുൽ നാസറിനെ നാളെ സ്കൂളിലെത്തിച്ച് തെളിവെടുക്കും. അതിനിടെ എസ്എസ്എൽസി പരീക്ഷക്ക് ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്ന വാഗ്ദാനവുമായി എം.എസ് സോല്യൂഷൻസ് വീണ്ടും ഓൺലൈനിൽ സജീവമായി.

ഷുഹൈബിനേയും അബ്ദുൽ നാസറിനേയും കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിറകെയാണ് ഷുഹൈബിനെ കൊടുവള്ളിയിലെഎംഎസ് സോല്യൂഷൻ ആസ്ഥാനത്ത് എത്തിച്ചത്. സ്ഥാപനത്തിന് അകത്തെത്തിച്ച് തെളിവെടുത്തു. ജാമ്യാപേക്ഷ തള്ളുന്നത് വരേ ഒളിവിൽ കഴിഞ്ഞ കുന്ദംമംഗലത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ചോദ്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ മഅ്ദിൻ സ്കൂൾ ജീവനക്കാരൻ അബ്ദുൽ നാസറിനെ നാളെ സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

കേസിലെ മറ്റു പ്രതികളും എംഎസ് സോല്യൂഷൻ അധ്യാപകരുമായ ജിഷ്ണു, ഫഹദ് എന്നിവരേയും ചേർത്ത് 4 പേരയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്. പ്രതികളുടെ ജാമ്യാപക്ഷ പരിഗണിക്കുന്നത് കോടതി കസ്റ്റഡി കാലാവധി തീരുന്ന വ്യാഴാഴ്ചത്തേക്ക് മാറ്റി. അതിനിടെ വിദ്യാര്‍ഥികള്‍ക്ക് പുതിയ വാഗ്ദാനവുമായി എം.എസ്. സൊല്യൂഷൻ രംഗത്ത് എത്തി. പത്താം ക്ലാസ് സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സാപ്പ് വഴി നല്‍കാമെന്നാണ് വാഗ്ദാനം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍ എ പ്ലസ് എന്ന തലക്കെട്ടിലാണ് പരസ്യം.

ചോദ്യപേപ്പർ ചോർച്ചക്കേസ് ; മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടത്തി