Asianet News MalayalamAsianet News Malayalam

'സ്വർണ്ണക്കടത്തിന്റെ അധോലോക വഴി'; സംശയമുള്ള കാരിയർമാരെ ക്വട്ടേഷൻ സംഘങ്ങൾ നേരിടുന്നത് മൂന്നാം മുറയിലൂടെ

പൊലീസ് വേഷമണിഞ്ഞെത്തി കാരിയർമാരെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങൾ വരെ കോഴിക്കോട്ടെ സ്വർണക്കടത്തുകാരുടെ വിളനിലമായ കൊടുവള്ളിയിൽ നടന്നു. 7 വർഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ തുടങ്ങാനായിട്ടില്ല.
 

quotation groups deal with suspicious carriers with cruel tortures
Author
Calicut, First Published Jun 28, 2021, 8:20 AM IST

കോഴിക്കോട്: പണമോ സ്വർണമോ തട്ടിയെന്ന് സംശയിച്ച് കാരിയർമാരെ ക്വട്ടേഷൻ സംഘങ്ങൾ നേരിടുന്നത് ക്രൂരമായ മൂന്നാം മുറയുപയോഗിച്ചാണ്. പൊലീസ് വേഷമണിഞ്ഞെത്തി കാരിയർമാരെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങൾ വരെ കോഴിക്കോട്ടെ സ്വർണക്കടത്തുകാരുടെ വിളനിലമായ കൊടുവള്ളിയിൽ നടന്നു. 7 വർഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ തുടങ്ങാനായിട്ടില്ല.

സ്വർണ കുഴൽപ്പണ മാഫിയക്ക് നാട്ടിലെ നിയമങ്ങളും നീതിയുമൊന്നും ബാധകമല്ലേ? അവർ നിശ്ചയിക്കുന്നത് നടപ്പാക്കിയിരിക്കും എന്നാണോ?ചോദ്യങ്ങളുയരുകയാണ്. കൊലപാതകവും തട്ടിക്കൊണ്ട് പോകലുമടക്കം എന്തും ചെയ്യും അവർ. ചിലപ്പോൾ പൊലിസിന്റെ വേഷത്തിലെത്തും. തട്ടിക്കൊണ്ട് പോയി മൂന്നാം മുറ പ്രയോഗിക്കും. 2014ൽ കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട അബ്ദുൽ അസീസെന്ന കാരിയറുടെ അനുഭവം അങ്ങനെയാണ്.

മരണവക്ക് വരെ പോയി തിരിച്ചു വന്ന അസീസ് കേസിന് പിന്നാലെ നടന്നത് കൊണ്ട് മാത്രം പ്രതികൾക്കെതിരെ കുറ്റപത്രമായി. വിചാരണതുടങ്ങിയില്ല. സ്പെഷ്യൽ പ്രോസിക്കൂട്ടറെ അനുവദിച്ച് കിട്ടുന്നതും കാത്തിരിക്കുകയാണ് അസീസ്.  രാമനാട്ടുകരയിൽ കാറപകടത്തിൽ 6 പേർ മരിക്കാനിടയായ ക്വട്ടേഷൻ കേസിൽ ഒടുവിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി മുഹമ്മദ് ശിഹാബ് ആണ് ഈ കേസിലെ പ്രതി. കൊടുവള്ളിക്കു പുറമെ കൊല്ലം ജില്ലയിലും ശിഹാബിനെതിരെ വധശ്രമക്കേസുണ്ട്. തന്റെ അധോലോക ജീവിതത്തിന് മറയിടാൻ രാഷ്ട്രീയ പാർട്ടികൾ മാറി മാറി കളിക്കുന്നയാളാണ് ശിഹാബ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിലെത്തി. എപി അബ്ദുള്ളക്കുട്ടി മൽസരിച്ച മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായി. സ്വർണ്ണക്കടത്തിൽ പിന്തുണ പ്രതീക്ഷിച്ചാണോ ശിഹാബ് ബിജെപിയിലെത്തിയതെന്ന ചോദ്യം ബാക്കിയാണ്. മൂന്ന് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ശിഹാബ് പൊതുജനമധ്യത്തിൽ വിലസി നടന്നത് ഇത്തരം രാഷ്ട്രീയ പിന്തുണയോടെ തന്നെയെന്ന് ഉറപ്പാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios