ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ കൃത്യമായ അന്വേഷണം  ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം. ഫാത്തിമ ലത്തീഫിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാന്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, മദ്രാസ് ഐഐടിയിലെത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. മിടുക്കിയായ വിദ്യാർഥിയെ നഷ്ടമായതിൽ ദുഖമുണ്ടെന്ന് പറഞ്ഞ സുബ്രഹ്മണ്യം സത്യം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ എംഎ ഇന്‍റഗ്രേറ്റഡ് ബാച്ചിന് അവധി നല്‍കുകയും സെമസ്റ്റര്‍ പരീക്ഷകള്‍ നീട്ടിവയ്ക്കുകയും ചെയ്‍തിരിക്കുകയാണ്. 

അതേസമയം ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്നാലുടന്‍ നടപടിയെക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഫാത്തിമയുടെ ലാപ്ടോപ്പ്, ടാബ് എന്നിവ കൊല്ലത്ത് എത്തുന്ന അന്വേഷണ സംഘത്തിന് വീട്ടുകാര്‍ കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്ന രേഖകള്‍ ഫാത്തിമയുടെ കുടുംബം ശ്രദ്ധയില്‍പ്പെടുത്തും.