ക്വാറി ഉടമയില്‍ നിന്ന് രാഗേഷിന് വധഭീഷണി ഉണ്ടായിരുന്ന കാര്യം പറഞ്ഞിട്ടും പൊലീസ് ചെവിക്കൊള്ളുന്നില്ലെന്ന് ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു...

കണ്ണൂര്‍: കണ്ണവത്ത് ക്വാറിക്കെതിരെ സമരം നടത്തിയ യുവാവിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ക്വാറി ഉടമയില്‍ നിന്ന് രാഗേഷിന് വധഭീഷണി ഉണ്ടായിരുന്ന കാര്യം പറഞ്ഞിട്ടും പൊലീസ് ചെവിക്കൊള്ളുന്നില്ലെന്ന് ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആടിനെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ വിശദീകരണം. കണ്ണവം തൊടീക്കളത്തെ ആദിവാസി കോളനിക്കടുത്തുള്ള കരിങ്കല്‍ ക്വാറിക്കെതിരെ സമരം നടത്തി വരുന്ന രാഗേഷിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ജൂലൈ 5നാണ്. 

ക്വാറിക്കെതിരെ ആദിവാസി കുടുംബങ്ങളൊപ്പിട്ട നിവേദനം ജില്ലാ ലീഗല്‍ അതോറിറ്റിക്ക് രാഗേഷും സുഹൃത്തുക്കളും നല്‍കിയിരുന്നു. ഈ പരാതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തുന്നതിന്റെ തലേന്നുണ്ടായ കൊലപാതകത്തിന് പിന്നില്‍ ക്വാറി മാഫിയ ആണെന്നാണ് കുടുംബത്തിന്റെ ആക്ഷേപം

കുടുംബം ഈ സംശയങ്ങള്‍ പൊലീസുമായി പങ്കുവെച്ചെങ്കിലും ക്വാറി ഉടമയ്ക്ക് പങ്കില്ലെന്നാണ് പൊലീസ് വിശദീകരണം. വീടിനടുത്തുള്ളവരുടെ ആടിനെ രാഗേഷ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ ആദിവാസികളായ ബാബു,രവി എന്നിവര്‍ അറസ്റ്റിലുമായി.

രാഗേഷുമായി നേരത്തെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണെന്നും സര്‍ക്കാരിന്റെ എല്ലാ അനുമതിയും വാങ്ങിയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നുമാണ് മാനേജരുടെ വിശദീകരണം. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.