വമ്പന്‍ ഭൂരിപക്ഷത്തിന് തന്നെ ജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച കേരളത്തില്‍ എത്തും. 

ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും മൃഗീയ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് നന്ദി പറയാനായി വരുന്നു. അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച് കൊണ്ട് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ദില്ലി വിട്ട് പുറത്തു പോയിട്ടില്ല. അദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടുമില്ല. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്. വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയുള്ള രാഹുല്‍ ഗാന്ധി - വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. 

Scroll to load tweet…