ആയുർവേദത്തെ ആധുനികവത്കരിച്ച ആചാര്യൻ എന്നും ഓർമ്മിക്കപ്പെടുമെന്നും വാര്യരുടെ വിയോഗം തീരാനഷ്ടമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

തിരുവനന്തപുരം: ഡോ പികെ വാര്യരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ പികെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആയുർവേദത്തെ ആധുനികവത്കരിച്ച ആചാര്യൻ എന്നും ഓർമ്മിക്കപ്പെടുമെന്നും വാര്യരുടെ വിയോഗം തീരാനഷ്ടമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭാരതീയ ചികിത്സ പാരമ്പര്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. 

കുലപതിയെന്ന് മുഖ്യമന്ത്രി

പികെ വാര്യർ മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആയുർവേദത്തെ സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോ​ഗതിയിലേക്കും ​ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. മതനിരപേക്ഷവും പുരോ​ഗമനപ്രദവുമായ വീക്ഷണം അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. കേരളത്തിലെ ആയുർവേദ രം​ഗത്തെ കുലപതിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നൂറ്റാണ്ടിന്റെ കർമ്മസാക്ഷിയെന്ന് കെസി വേണുഗോപാൽ

വൈദ്യകുലപതി പത്മഭൂഷൺ ഡോ പികെ വാര്യരുടെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണ്. കോട്ടക്കലിൽ ഒരിക്കലെങ്കിലും ചികിത്സ തേടിയവർ ആ പാരമ്പര്യ ഗുണം അനുഭവിച്ചറിഞ്ഞിട്ടുണ്ടാവും. കോട്ടക്കൽ ആര്യ വൈദ്യശാലയെന്ന ലോകോത്തര സ്ഥാപനത്തിലൂടെ, സൗഖ്യം നേടിയ ലക്ഷക്കണക്കിന് ആളുകളിലൂടെ മരണമില്ലാതെ അദ്ദേഹം എന്നും ജീവിക്കും. യുഗപ്രഭാവനായ, നൂറ്റാണ്ടിന്റെ കർമ്മസാക്ഷിയായ, ക്വിറ്റിന്ത്യാ പ്രക്ഷോഭ പോരാളിയായ ഡോ പികെ വാര്യർക്ക് അന്ത്യപ്രണാമം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതമൈത്രിയുടെ സന്ദേശ വാഹകനെന്ന് ഹൈദരലി ശിഹാബ് തങ്ങൾ

സത്യത്തിനും ധർമ്മത്തിനും മാനവികതക്കും വേണ്ടി നിലകൊണ്ടയാളാണ് ഡോ പികെ വാര്യരെന്ന് ഹൈദരലി ശിഹാബ് തങ്ങൾ. അദ്ദേഹം മതമൈത്രിയുടെ സന്ദേശ വാഹകനായിരുന്നു. ആയുർവേദ ശാസ്ത്രത്തിന്റെ പുരോഗതിയിൽ ഗണനീയമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കർമ്മവും ചിന്തയുമെല്ലാം ജനനന്മ ലക്ഷ്യമാക്കിയിരുന്നുവെന്നും ശിഹാബ് തങ്ങൾ അനുസ്മരിച്ചു.

ദു:ഖം രേഖപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദ ആചാര്യന്‍ പികെ വാര്യരുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു. നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona