ഇന്ന് നാളെയും മറ്റന്നാളും രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. 

കരിപ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട് നന്ജി അറിയിക്കാനാണ് രാഹുല്‍ കേരളത്തിലെത്തിയത്. ഇന്ന് നാളെയും മറ്റന്നാളും രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.

കരിപ്പൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയ അദ്ദേഹം വൈകിട്ടോടെ അവിടെ നിന്നും കല്‍പറ്റയ്ക്ക് പോകും. കേരളാനേതാക്കളുമായി ഇതിനിടെ അദ്ദേഹം വിശദമായ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കും എന്ന പ്രഖ്യാപനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ കേരളത്തിലേക്കുള്ള വരവ്. 

രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഡിസിസി പ്രസിഡന്‍റ് പ്രകാശ് ബാബു, ടി സിദ്ധിഖ്, പിവി അബ്ദുള്‍ വഹാബ്, ലാലി വിന്‍സന്‍റെ എന്നിവര്‍ രാഹുലിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. നൂറുകണക്കിന് കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരും രാഹുലിനെ കാണാനെത്തി.