കൊച്ചിയിൽ നടന്ന പ്രസംഗത്തിൽ രാഹുൽ ഗാന്ധി എൽഡിഎഫ്, എൻഡിഎ മുന്നണികളെ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുടെ കളിപ്പാവയാണെന്നും ഇവർ തമ്മിൽ ഒത്തുകളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തോടുള്ള തന്റെ വൈകാരിക ബന്ധം എടുത്തുപറഞ്ഞ രാഹുൽ, ഡൽഹിയിൽ കേരളത്തിനായി പോരാടുമെന്നും ഉറപ്പുനൽകി.

കൊച്ചി: എൽഡിഎഫ്-എൻഡിഎ മുന്നണികളെ രൂക്ഷമായി വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി കൊച്ചിയിൽ. എൽഡിഎഫ് ഇന്ന് യഥാർത്ഥ ഇടതുപക്ഷമല്ലെന്നും അവർ ജനാധിപത്യ വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും രാഹുൽ ആരോപിച്ചു. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലെ കളിപ്പാവയാണെന്നും, ട്രംപിന് മോദിയിലുള്ള നിയന്ത്രണം പോലെയാണ് മോദിക്ക് മുഖ്യമന്ത്രിയിലുള്ള നിയന്ത്രണമെന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫും മോദി സഹായത്തിലുള്ള എൽഡിഎഫ് മുന്നണിയും തമ്മിലെ പോരാട്ടമാണ് കേരളത്തിലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. എൽഡിഎഫിലെ പഴയകാല നേതാക്കൾ ഇപ്പോൾ യുഡിഎഫിലെത്തിയത് അവർ അവസരവാദികളായതുകൊണ്ടല്ല, മറിച്ച് ഇടതുപക്ഷത്തിന്റെ നയ വ്യതിയാനം തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും രാഹുൽ ഉന്നയിച്ചു. സ്വർണ്ണം മോഷ്ടിച്ച് ചെമ്പ് വെച്ച സംഭവത്തിൽ പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. തനിക്കെതിരെ 36 കേസുകൾ എടുത്ത് കേന്ദ്രസർക്കാർ വേട്ടയാടുമ്പോൾ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ മോദി മിണ്ടാതിരിക്കുന്നത് ഇവർ തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണ്. മണിപ്പൂരിൽ ആഭ്യന്തര കലാപം സൃഷ്ടിച്ച ബിജെപിയും ആർഎസ്എസുമാണ് രാജ്യത്തെ ഏറ്റവും വലിയ വിനാശകരമായ ശക്തികളെന്നും അദ്ദേഹം ആഞ്ഞടിച്ചു.

കേരളത്തോടുള്ള തന്റെ വൈകാരികമായ അടുപ്പവും രാഹുൽ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം വയനാട് എംപിയായിരുന്നപ്പോൾ കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹവും ഐക്യവും മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും തന്നെ വ്യക്തിപരമായി ആക്രമിച്ചപ്പോൾ താങ്ങായി നിന്നത് കേരളമാണ്. ഇവിടെ മനുഷ്യബന്ധങ്ങൾക്കിടയിൽ മതത്തിന് സ്ഥാനമില്ലെന്നും, ഡൽഹിയിൽ കേരളത്തിന് വേണ്ടി പോരാടുന്ന ഒരു യോദ്ധാവായി താൻ എപ്പോഴും ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി. ഇന്ദിര ഗ്യാരണ്ടി പദ്ധതികൾ ആവർത്തിച്ച അദ്ദേഹം സ്ത്രീസുരക്ഷയ്ക്കും മുൻഗണന നൽകുമെന്ന് വ്യക്തമാക്കി.