കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി ദില്ലി വിട്ടത്. എവിടേക്ക് പോയെന്നോ എപ്പോള്‍ തിരിച്ചുവരുമെന്നോ ഉന്നത കോൺഗ്രസ് നേതാക്കള്‍ പോലും പറയുന്നില്ല.
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) അസാന്നിധ്യം ചര്‍ച്ചയാകുന്നു. രാഹുല്‍ വിദേശ പര്യടനത്തിലായതിനാല്‍ പഞ്ചാബിലേതടക്കം റാലികള്‍ മാറ്റി വച്ചു. സ്വകാര്യ ആവശ്യത്തിന് പോയതാണെന്നും രാഷ്ട്രീയ എതിരാളികള്‍ ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് (Congress) വിശദീകരിക്കുന്നു.
കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി ദില്ലി വിട്ടത്. എവിടേക്ക് പോയെന്നോ എപ്പോള്‍ തിരിച്ചുവരുമെന്നോ ഉന്നത കോൺഗ്രസ് നേതാക്കള്‍ പോലും പറയുന്നില്ല. ഇറ്റലിയിലാണെന്ന് ഊഹാപോഹങ്ങളുണ്ട്. തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ പഞ്ചാബിലും, ഉത്തരാഖണ്ഡിലും ഉരുണ്ട് കൂടിയ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഏറ്റവുമൊടുവില്‍ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ പരാതിയുമായി നാല് മന്ത്രിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും ചര്‍ച്ചക്ക് രാഹുല്‍ ഗാന്ധി സ്ഥലത്തുണ്ടായില്ല.
ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിനെ സമാധാനിപ്പിച്ചെങ്കിലും പ്രധാന നേതാക്കളിലൊരാളായ കിഷോര്‍ ഉപാധ്യായ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. രാഹുല്‍ഗാന്ധിയെ കാണണമെന്നറിയിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് കിഷോർ ഉപാധ്യായക്ക് കിട്ടിയത്.
രാഹുല്‍ എപ്പോള്‍ തിരിച്ചുവരുമെന്നറിയാത്തതിനാല്‍ റാലികള്‍ എങ്ങനെ നടത്തണമെന്ന ആശയക്കുഴപ്പം പല സംസഥാനങ്ങള്‍ക്കുമുണ്ട്. മൂന്നിന് പഞ്ചാബില്‍ നിശ്ചയിച്ചിരുന്ന റാലി രാഹുലിന്‍റെ അഭാവത്തില്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രിയങ്കയെ മാത്രമാണ് കാണാന്‍ കഴിയുന്നത്.
പൗരത്വ നിയമഭേദഗതി അടക്കമുള്ള നിര്‍ണ്ണായകമായ പല വിഷയങ്ങളിലും പാര്‍ലമെന്‍റില്‍ ചര്‍ച്ച നടന്നപ്പോള്‍ രാഹുലിന്‍റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അതേ സമയം രാഹുലിന്‍റെ വിദേശയാത്രയെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്. പകുതി സമയവും വിദേശത്തുള്ളയാള്‍ക്ക് എങ്ങനെ ബിജെപിക്കതെിരായ സഖ്യത്തെ എങ്ങനെ ചലിപ്പിക്കാനാകുമെന്ന മമത ബാനര്‍ജിയുടെ വിമര്‍ശനം കോണ്‍ഗ്രസ് തൃണമൂല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുക പോലും ചെയ്തിരുന്നു.
