ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസില്‍ ഇന്ന് പുലർച്ചെയാണ് കന്റോൺമെന്‍റ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഡിസംബറില്‍ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശന്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസിൽ പ്രതികളാണ്.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. 

YouTube video player