കൽപറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകളിൽ ഒന്ന് തുറക്കും. ഇന്ന് (18.9.19) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഷട്ടറുകൾ തുറക്കുക. മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. ഇതിനോടനുബന്ധിച്ചാണ് ഷട്ടർ തുറക്കാന്‍ തീരുമാനിച്ചത്. നിലവിൽ 775.05 മീറ്ററാണ് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്.

ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ബാണാസുര സാഗർ അണക്കെട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഷട്ടർ തുറക്കുമ്പോൾ കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ലെന്നും ഇരു കരകളിലും ഉള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.