ഗുജറാത്ത് തീരത്ത് രൂപം കൊണ്ട് രാജസ്ഥാന്‍ ഭാഗത്തേക്ക് നീങ്ങിയ പുതിയ ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റം വൈകിക്കുന്നത്.

തിരുവനന്തപുരം: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റഴും ശക്തമായ കാലവര്‍ഷമാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിലെ സാഹചര്യത്തില്‍ മൂന്നാഴ്ച കൂടി മഴ തുടരുമെന്നാണ് നിരീക്ഷണ കേന്ദ്രം പറയുന്നത്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്. ഇത്തവണ ഒരാഴ്ച വൈകി ജൂൺ എട്ടിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. ജൂണില്‍ ശരാശരി ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് പെയ്തത്. എന്നാല്‍ ഓഗസ്റ്റ് മാസത്തിലെ മഴയാണ് കണക്കുകള്‍ തിരുത്തിയത്. രാജ്യമൊട്ടാകെ കണക്കിലെടുക്കുമ്പോള്‍ ഇതുവരെ 10 ശതമാനം അധികം മഴ കിട്ടി.

1994നു ശേഷമുള്ള ഏറ്റവും ശക്തമായ കാലവര്‍ഷമാണിത്. ഗുജറാത്ത് തീരത്ത് രൂപം കൊണ്ട് രാജസ്ഥാന്‍ ഭാഗത്തേക്ക് നീങ്ങിയ പുതിയ ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റം വൈകിക്കുന്നത്. കേരളത്തില്‍ ഇതുവരെ 14 ശതമാനം അധികം മഴയാണ് കിട്ടിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയിലും കൂടുതല്‍ മഴ കിട്ടി. ഒക്ടോബര്‍ 20 നാണ് തുലാവാര്‍ഷം തുടങ്ങേണ്ടത്. നിലിവിലെ സാഹചര്യത്തില്‍ കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റവും തുലവാര്‍ഷത്തിന്‍റെ തുടക്കവും ഒരുമിച്ചായേക്കുമെന്നാണ് സൂചന.