സംസ്ഥാനത്ത് വമ്പൻ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് കേരള 2025 പരിപാടിയെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

ദില്ലി: കേരളത്തിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് പോലുള്ള പരിപാടികൾ രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്ന് മുൻ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനം. ഇത്തരം പരിപാടികളിലൂടെ കേരളത്തിലേക്ക് നിക്ഷേപം വരുകയോ ആർക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് 2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം 6 നിക്ഷേപക സംഗമങ്ങളും 4 ലോക കേരള സഭകളും നടത്തി. എന്നാൽ തൊഴിൽ പൂജ്യമാണ്. യുവാക്കളെ വിദേശത്തേക്ക് തള്ളി വിടുന്നത് തുടരുകയാണ്. സിപിഎം, കോൺഗ്രസ് സർക്കാരുകളുടെ ബിസിനസ് വിരുദ്ധ സംസ്കാരം കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയും യുവാക്കളുടെ ഭാവിയും നശിപ്പിച്ചു. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും ഭരണത്തിൽ കേരളത്തിൽ നിക്ഷേപകർ വരാനോ യുവാക്കൾക്ക് ജോലി ലഭിക്കാനോ പോകുന്നില്ല. ഇതിനായി സംസ്ഥാനത്ത് നരേന്ദ്ര മോദിയുടെ ഭരണം വരണമെന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.