Asianet News MalayalamAsianet News Malayalam

രാജീവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ്, നിയമനം കൊവിഡ് കണക്കിലെടുത്ത്

മുൻ ആരോഗ്യവകുപ്പ് സെക്രട്ടറിയായ രാജീവ് സദാനന്ദൻ നിപ കാലത്ത് നടത്തിയ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടതാണ്. അദ്ദേഹം വിരമിച്ച ശേഷമാണ് വീണ്ടും കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക ഉപദേഷ്ടാവായി നിയമിക്കുന്നത്.

rajeev sadanandan ias appointed as special advisor to cmo at the time of covid 19
Author
Thiruvananthapuram, First Published Jul 15, 2020, 7:46 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് സദാനന്ദനെ നിയമിച്ചു. മുൻആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദൻ. നിപ രോഗബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്ത് രാജീവ് സദാനന്ദന്‍റെ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിൽ പ്രവർത്തിച്ച് പരിചയമുള്ള പരിണതപ്രജ്ഞനായ ഉദ്യോഗസ്ഥന്‍റെ സഹായം സർക്കാർ തേടുന്നത്. മൂന്ന് മാസത്തേക്കായിരിക്കും ഇദ്ദേഹത്തിന്‍റെ നിയമനം. 

അതേസമയം, ഉപദേശകരുടെ പേരിലുള്ള വിവാദങ്ങളുടെ ഇടയിൽക്കൂടിയാണ് പുതിയ ഉപദേശകനെ മുഖ്യമന്ത്രി നിയമിക്കുന്നത്. 

അടുത്ത കാലത്ത് ആരോഗ്യവകുപ്പ് കേരളത്തിൽ ഉണ്ടാക്കിയ നല്ല പ്രവർത്തനങ്ങൾക്ക് പലതിനും ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനായിരുന്നു രാജീവ് സദാനന്ദൻ ഐഎഎസ്. ശൈലജ ടീച്ചറെപ്പോലുള്ള ഒരു മന്ത്രിയുടെ മികച്ച നേതൃത്വം കൂടിയായപ്പോൾ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം ശ്രദ്ധേയമായി. 

ആർദ്രം മിഷൻ, ഇ -ഹെൽത്ത്, കിരൺ സർവേ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, ആരോഗ്യനയരൂപീകരണം എന്നിങ്ങനെ പല മികച്ച നയങ്ങൾക്കും പിന്നിൽ രാജീവ് സദാനന്ദന്‍റെ കരങ്ങളുണ്ട്. 

ധനമന്ത്രി ടി എം തോമസ് ഐസക് അദ്ദേഹത്തെക്കുറിച്ച് വിരമിക്കൽ വേളയിൽ എഴുതിയതിങ്ങനെ: ''ഡോക്ടർമാർക്ക് അറിയുന്നതിനേക്കാൾ ക്ലിനിക്കലും നോൺക്ലിനിക്കലുമായിട്ടുള്ള വിഷയങ്ങളിൽ രാജീവ് അറിവ് നേടിയിരുന്നു. സംസ്ഥാനത്തെ ആരോഗ്യ പദ്ധതി ഇന്നത്തെ നിലയിലേയ്ക്ക് എത്തിക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് മറക്കാനാവില്ല. നിപ്പ ഉൾപ്പെടെ സംസ്ഥാനത്തെ മാരകരോഗങ്ങൾ നടുക്കിയ ഘട്ടങ്ങളിലെല്ലാം രാജീവിലെ ഹെൽത്ത് സെക്രട്ടറിയും അതിലുപരി സാമൂഹ്യ പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനും സർക്കാരിൻ്റെ നെടുംതൂണായി നിന്ന് പ്രവർത്തിച്ചിരുന്നു. സർക്കാരിനൊപ്പം ആരോഗ്യ വകുപ്പിലെ മുഴുവൻ ജീവനക്കാരെയും പരിഭ്രാന്തി കൂടാതെ ഒത്തൊരുമയോടെ പ്രവർത്തിപ്പിക്കാൻ കാണിച്ച ആർജ്ജവം പ്രശംസനീയമാണ്.

ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ ഇൻഷ്വറൻസ് പദ്ധതി പൂർണ്ണരൂപത്തിൽ എത്തിക്കുന്നതിനും രാജീവ് വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്പിൻ്റെ പണിപ്പുരയിലായിരുന്നു. റിട്ടയർ ചെയ്താലും അതിന്റെ പണി പൂർത്തീകരിക്കുന്നതിന് സഹായിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്''.

Follow Us:
Download App:
  • android
  • ios