തിരുവനന്തപുരം: കോവിഡ് 19 മഹാമാരി കേരളത്തിനുണ്ടാക്കിയ ആഘാതത്തെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് സമഗ്ര പഠനം നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ രമേശ് ചെന്നിത്തല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരാണ് സമിതി അധ്യക്ഷന്‍.

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യ, കാര്‍ഷിക, മത്സ്യ ബന്ധന മേഖലകളിലും പ്രവാസി മലയാളികളിലും കോവിഡ് ഉണ്ടാക്കിയതും ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ആഘാതത്തെ കുറിച്ച് സമിതി വിശദമായ പഠനം നടത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു.  

പ്രതിസന്ധികള്‍ മറികടക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും സമിതി നിര്‍ദ്ദേശിക്കും. സമിതിയുടെ കണ്ടെത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും കൈമാറും. ഇതാദ്യമായാണ് ലോക്ഡൗണ്‍ കേരളത്തില്‍ ഉണ്ടാക്കിയ ആഘാതങ്ങള്‍ പഠിക്കുന്നതിനായി ഒരു ഗവേഷണ സ്ഥാപനം മുന്നോട്ട് വരുന്നത്. സംസ്ഥാനം നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള ക്രിയാത്മക ഇടപെടലാണ് പഠനത്തിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

മുന്‍ ക്യാബിനറ്റ് സെക്രട്ടറിയും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന കെ.എം.ചന്ദ്രശേഖര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം.പി.ജോസഫ് എന്നിവരടക്കം 15 പേരടങ്ങുന്നതാണ് സമിതി. പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ.എസ്.എസ്.ലാല്‍, സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ബി.എ.പ്രകാശ്, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ റിട്ട. പ്രൊഫസര്‍ ഇരുദയ രാജന്‍, ഐ.എല്‍.ഒയുടെ റീജണല്‍ മൈഗ്രേഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ശബരി നായര്‍, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.ജോസ് ജോസഫ്, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് രജിസ്ട്രാര്‍ ഡോ. ആനന്ദ് മാര്‍ത്താണ്ഡപിള്ള, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീവ്, ലയോള കോളേജ് സോഷ്യോളജി വിഭാഗം മേധാവി  ഡോ.സജി.പി.ജേക്കബ്, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സ്ഥാപകന്‍ പ്രണവ് കുമാര്‍ സുരേഷ്, ഫിഷറീസ് സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ വിക്ടര്‍ ജോര്‍ജ്, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ജോയിന്റ് സെക്രട്ടറി കെ.പി.നന്ദകുമാര്‍, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജി.കെ.മിനി, പൊതുജന ആരോഗ്യ പ്രവര്‍ത്തകന്‍ അരുണ്‍ ബി നായര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.