ഇരുപത് സിനിമയിൽ ഇത് വരെ അഭിനയിച്ചിട്ടിണ്ട്. കുറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും മികച്ചൊരു വേഷത്തിൽ അഭിനയിക്കാനൊരുങ്ങുകയാണെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്.
കൊല്ലം: കാസര്‍കോട്ടുനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താൻ വീണ്ടും സിനിമയിലേക്ക്. ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളിൽ ഇരുപത് സിനിമയിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്. പുതിയ സിനിമയിൽ അവസരം കിട്ടിയ കാര്യം രാജ് മോഹൻ ഉണ്ണിത്താൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും ഇത്തവണ വെള്ളിത്തിരയിലെത്തുന്നത് പ്രധാനപ്പെട്ട വേഷത്തിലാകുമെന്നാണ് ഉണ്ണിത്താൻ പറയുന്നത്. സിംഹം എന്ന് പേരിട്ട സിനിമയിൽ മോശമല്ലാത്ത ഒരു വേഷമാണെന്നും ഉണ്ണിത്താൻ പറയുന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന സിനിമ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ തിരക്കിൽ ആയിരുന്നതിനാൽ ഇതുവരെ അഭിനയത്തിന് സമയം മാറ്റിവയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് ഉണ്ണിത്താൻ പറയുന്നത്. എംപിയായ സാഹചര്യത്തിൽ ഇനി അഭിനയത്തിന് കൂടി സമയം കണ്ടെത്തുമെന്നാണ് കാസര്‍കോട് എംപി പറയുന്നത്.
