കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ വാദം പൂർത്തിയായി 9 മാസമായിട്ടും വിധി പറയാതിരുന്നത് ഇരകളോടുള്ള നീതി നിഷേധമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോടതിയുടെ കാലതാമസം അപരാധമാണ്. ഡെൻമാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പരാമർശിച്ചു.

പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സർക്കാരിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയാനിരിക്കെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശം. ചീഫ്  ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷൻ ബഞ്ച് ആണ് വിധി പറയുക.  വിധി  വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നടപടി സുപ്രീം കോടതി മാ‍ര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെനന്നായിരുന്നു ഹർജി. 
 
സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.2018 ഫിബ്രവരി 17നായിരുന്നു കല്യോട്ടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേശും ശരത് ലാലിനെയും സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തുന്നത്. കേസിൽ 14പ്രതികളെ ഉൾപ്പെടുത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയെങ്കിലും ഹൈക്കോടതി സിംഗിൾ 2019സെപ്റ്റംബർ 30ന് കേസ് സിബിഐ യ്ക്ക് കൈമാറുകയായിരുന്നു.