Asianet News MalayalamAsianet News Malayalam

രാജ്യസഭ: വിപ്പ് നൽകുമെന്ന് ജോസഫ്, നൽകേണ്ടത് റോഷിയെന്ന് ജോസ് പക്ഷം; കേരള കോൺഗ്രസിൽ തർക്കം

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ തീരുമാനം യുഡിഎഫ് നേതൃത്വം എടുക്കുമെന്ന് ജോസഫ് വ്യക്തമാക്കി. രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാൽ വിപ്പ് ബാധകമായിരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു

Rajyasabha Election 2020 PJ Joseph says will give whip to party MLA
Author
Thiruvananthapuram, First Published Aug 1, 2020, 11:14 AM IST

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നിച്ച് നിൽക്കുന്ന കേരള കോൺഗ്രസിൽ തർക്കം. മത്സരം വരികയാണെങ്കിൽ കേരള കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകുമെന്ന് പിജെ ജോസഫ് പറഞ്ഞു. പാർട്ടി വിപ്പ് റോഷി അഗസ്റ്റിനാണെന്നും, അതിനാൽ തന്നെ വിപ്പ് നൽകേണ്ടത് റോഷിയാണെന്നും ജോസ് പക്ഷം വ്യക്തമാക്കി.

ചിഹ്നത്തിൽ തർക്കം ഉള്ളതിനാൽ വിപ്പ് നിലനിൽക്കുമോ എന്ന സംശയത്തിലാണ് ജോസ് പക്ഷം. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കും. ജോസ് പക്ഷത്തെ എംഎൽഎമാർ വിപ്പ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസഫ് പറഞ്ഞു. രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കും. രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാൽ വിപ്പ് ബാധകമായിരിക്കുമെന്നും ജോസഫ് പറഞ്ഞു.

നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് ഇടത് സ്ഥാനാർത്ഥി നിഷ്പ്രയാസം ജയിക്കും. യുഡിഎഫിൽ നിന്നും മാറ്റി നിർത്തിയ ജോസ് കെ മാണി പക്ഷത്തെ രണ്ട് എംഎൽഎമാർ ആർക്ക് വോട്ട് ചെയ്യുമെന്നതിലാണ് ആകാംക്ഷ. ഓരോ പാർട്ടിക്കും എംഎൽഎമാർക്ക് വിപ്പ് നൽകാം. ആർക്കാണ് വോട്ട് ചെയ്തതെന്ന് പാർട്ടി നിയോഗിക്കുന്ന ഏജൻറിനെ എംഎൽഎമാർ കാണിക്കണം.

ജോസ് പക്ഷം സാങ്കേതികമായി കേരള കോൺഗ്രസ്സിൽ തന്നെ തുടരുന്നതിനാൽ നിലവിൽ പാർട്ട് വിപ്പ് അവർക്ക് ബാധകമാണ്. വിപ്പ് അംഗീകരിച്ചാൽ ചെയർ‍മാൻ ജോസഫിനെ അംഗീകരിക്കുന്നതായും യുഡിഎഫിൽ തുടരുന്നതായും വിലയിരുത്തരപ്പെടും. പക്ഷെ യുഡിഎഫ് മാറ്റിനിർത്തിയ വിഭാഗത്തിന് എങ്ങിനെ വിപ്പ് നൽകുമെന്നത് ജോസഫ് പക്ഷത്തിന് മുന്നിലെ പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ നിർത്തണോ വേണ്ടയോ എന്ന് യുഡിഎഫ് ച‍ർച്ച ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios