കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഫാസിസത്തെ ഫെഡറലിസം കൊണ്ടേ പരാജയപ്പെടുത്താൻ കഴിയു. കേരളത്തെ മറ്റു ബിജെപി ഇതര സംസ്ഥാനങ്ങളും മാതൃകയാക്കണം. സമരത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ് നിശബ്ദമാണ്. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നയിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വലിയ നേതാക്കളുടെ പിൻബലമില്ലാത്ത സമരമാണ് രാജ്യത്ത്  നടക്കുന്നത്. 

മോദി ഭരണത്തിൽ ബുദ്ധിജീവികൾ ഭീതിയുടെ നിഴലിലെന്നും ഗുഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നേരത്തെ, കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധിക്കെതിരെയും ഗുഹ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു.

ഇന്ത്യക്ക് ആവശ്യം നെഹ്റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുൽ ഗാന്ധി എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററി ഫെസ്റ്റിവലില്‍  പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാമചന്ദ്ര ഗുഹ.

സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും കോണ്‍ഗ്രസ് ഒരു കുടുംബ സ്ഥാപനമായതാണ് ഇപ്പോഴത്തെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയുടെ കാരണമെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി തനിക്ക് ഒന്നുമില്ല, അദ്ദേഹം മാന്യനായ മനുഷ്യനാണ്. എന്നാല്‍ ഒരു കുടുംബ പരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യന്‍ യുവത്വത്തിന് ആവശ്യം.

2024 ല്‍ വീണ്ടും രാഹുലിനെ മലയാളികള്‍ തെരഞ്ഞെടുത്താല്‍ വീണ്ടും മോദിക്ക് നല്‍കുന്ന മുന്‍തൂക്കമായിരിക്കും അതെന്ന് ഗുഹ അഭിപ്രായപ്പെട്ടു. രാജ്യത്തിന് മുന്നില്‍ വളരെ മനോഹരമായ കാര്യങ്ങള്‍ കേരളം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് എന്നാണ് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടത്.