സാധാരണയായി പൊലീസ് ഉദ്യേഗസ്ഥര്‍  തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുമ്പോള്‍ അവര്‍ തന്നെ ബാലറ്റ് പേപ്പര്‍ ഒപ്പിട്ട് വാങ്ങുകയും വോട്ട് രേഖപ്പെടുത്തി  കവറിലിട്ട് സീല്‍ ചെയ്ത്  റിട്ടേണിംഗ് ഓഫീസര്‍ക്ക് തിരിച്ച് നല്‍കുകയാണ് പതിവ്. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യുട്ടി ചെയ്യുന്ന പൊലീസ് ഉദ്യേഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിംഗിനായി ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യാനും, വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ തിരികെ വാങ്ങാനും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിക്കൊണ്ട് ഡി ജി പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണയായി പൊലീസ് ഉദ്യേഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുമ്പോള്‍ അവര്‍ തന്നെ ബാലറ്റ് പേപ്പര്‍ ഒപ്പിട്ട് വാങ്ങുകയും വോട്ട് രേഖപ്പെടുത്തി കവറിലിട്ട് സീല്‍ ചെയ്ത് റിട്ടേണിംഗ് ഓഫീസര്‍ക്ക് തിരിച്ച് നല്‍കുകയാണ് പതിവ്. 

എന്നാല്‍ ഇത്തവണ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബാലറ്റ് വിതരണം ചെയ്യുകയും, വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ചുവാങ്ങിക്കുകയും ചെയ്യുന്നത് ഈ നോഡല്‍ ഓഫീസറാണ്. ഇത് വോട്ടിന്റെ രഹസ്യാത്മകയെ ബാധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സീക്രട്ട് ബാലറ്റാണ് ജനാധിപത്യ സമൂഹത്തിലെ വോട്ടെടുപ്പിന്റെ അടിസ്ഥാനം. താന്‍ വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ അതില്‍ ഏത് തരത്തിലുള്ള തിരിമറികളും നടക്കാം.

അതിന് പകരമായി പൊലീസുകാര്‍ തെരഞ്ഞെടുപ്പ് ഡ്യുട്ടി ചെയ്യുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളക്‌റ്റേറേറ്റുകളിലും മറ്റു തെരഞ്ഞെടുപ്പ് ഡ്യുട്ടി ചെയ്യുന്നവര്‍ക്ക് ഇത്തരത്തില്‍ സൗകര്യമൊരുക്കാറുണ്ടെന്നും, പൊലീസിലും അത് പിന്തുടരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.