കെപിഎംജിക്കെതിരെ മുൻപ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് പുതിയ കരാറെന്ന് ചെന്നിത്തല വിമ‍ർശിച്ചു.

തിരുവനന്തപുരം: 2018 ലെ പ്രളയത്തിന് ശേഷം സംസ്ഥാന സർക്കാരുമായി സഹകരിച്ച രാജ്യാന്തര ഏജൻസിയായ കെപിഎംജിക്ക് റിബിൾഡ് കേരളയുടെ കണ്‍സൾട്ടൻസി കരാർ നൽകി സംസ്ഥാന സർക്കാർ.13 കമ്പനികളെ പിന്തള്ളിയാണ് 6.82 കോടിക്ക് കെപിഎംജി കരാർ നേടിയത്. 24 മാസമാണ് കരാർ കാലാവധി. കെപിഎംജിയുടെ സൗജന്യ സേവനം സംബന്ധിച്ച് ഉയർത്തിയ ആക്ഷേപങ്ങൾ ശരിവക്കുന്നതാണ് കരാറെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

6.82 കോടി രൂപയ്ക്ക് കരാർ നൽകിയതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെപിഎംജിക്കെതിരെ മുൻപ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് പുതിയ കരാറെന്നും ചെന്നിത്തല വിമ‍ർശിച്ചു.അതേസമയം, സുതാര്യമായ നടപടികളിലൂടെയാണ് കരാർ നൽകിയതെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

പ്രളയ ശേഷം കെപിഎംജിയുമായുള്ള സഹകരണം വിവാദമായിരുന്നു. നേരത്തെ പുനര്‍നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കാന്‍ കെപിഎംജിയുടെ സൗജന്യ സേവനം കേരള സര്‍ക്കാരിന് ലഭിച്ചിരുന്നു. കെപിഎംജിയുമായി വീണ്ടും സഹകരിക്കുന്നത് പുതിയ വിവാദത്തിലേക്ക് വഴിതെളിക്കുകയാണ്.

Also Read: കേരള പുനര്‍നിര്‍മാണത്തിന് വഴികാട്ടാന്‍ കെപിഎംജി; മത്സരത്തിനുണ്ടായിരുന്നത് നാല് കമ്പനികള്‍