Asianet News MalayalamAsianet News Malayalam

മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതുന്നു; ഗൂഡാലോചന നടത്തിയത് മന്ത്രി മേഴ്സിക്കുട്ടിയമ്മയെന്ന് ചെന്നിത്തല

സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഡാലോചന നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. 

ramesh chennithala against j mercykutty amma
Author
Kollam, First Published Feb 19, 2021, 10:13 AM IST

കൊല്ലം: മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യ ബന്ധനം നടത്താൻ ഇഎംസിസി എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയുമായി കരാറില്‍ അഴിമതി നടന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. 5000 കോടി രൂപയുടെ കരാറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്.  വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് കേരള തീരം തീറെഴുതി കൊടുക്കുന്ന വൻ അഴിമതിയാണ് കരാറിന് പിന്നിലെന്ന് പ്രതിക്ഷ നേതാവ് ആരോപിച്ചു.

സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഡാലോചന നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. ഇഎംസിസി പ്രതിനിധികളുമായി 2018 ൽ ന്യൂയോർക്കിൽ മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള 2 വർഷം മുമ്പ് മാത്രം തുടങ്ങിയ കമ്പനിയാണ് ഇഎംസിസി. കരാറിന് മുമ്പ് ഗ്ലോബൽ ടെൻഡർ വിളിച്ചില്ല. എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് വിളിച്ചില്ല. 400 ട്രോളറുകളും 2 മദർ ഷിപ്പുകളും കേരള തീരത്ത് മൽസ്യ ബന്ധനം നടത്താൻ പോവുകയാണ്. നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരാറിനെപ്പറ്റി അന്വേഷണം വേണം. കരാറിനെ പറ്റി അറിഞ്ഞിട്ടുണ്ടോ എന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെഎസ്‍യു പ്രവർത്തകരെ കാരണമില്ലാതെ തല്ലിച്ചതച്ചുവെന്നും നെയിം ബോർഡ് ഇല്ലാത്ത പൊലീസുകാർ വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ ശ്രമമാണ് നടക്കുന്നത്. ജീവിക്കാനായി സമരം ചെയ്യുന്ന ചെറുപ്പക്കാരെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios